കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ സീലിങ് അടർന്നുവീണ് 2 പേർക്ക് പരിക്ക്

കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലെ ജിപ്‌സം സീലിങ് അടർന്നു വീണപ്പോൾ
കോഴിക്കോട് മാവൂർറോഡിലെ കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിൽ സീലിങ് അടർന്നുവീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്. വയനാട് മാനന്തവാടി സ്വദേശി അജിത് (24), ആലപ്പുഴ സ്വദേശി മധു(58) എന്നിവർക്കാണ് പരിക്കേറ്റത്. മാനന്തവാടി, -തൊട്ടിൽപാലം ബസുകൾ പ്രവേശിക്കുന്ന 13–ാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം വെള്ളി പുലർച്ചെ രണ്ടിനാണ് സംഭവം. കനത്ത മഴയിൽ കെഎസ്ആർടിസി സ്‌റ്റാൻഡിന് മുകളിൽനിന്ന് വെള്ളം ജിപ്സം പാളികൾക്കിടയിലേക്ക് ഇറങ്ങുകയും പാളികൾ അടർന്നുവീഴുകയുമായിരുന്നു. മുകളില്‍ സ്ഥാപിച്ച മഴവെള്ളപ്പാത്തിയില്‍ തടസ്സം നേരിട്ടതാണ് വെള്ളമിറങ്ങാൻ കാരണം. ഭാരം കുറഞ്ഞ പാളികൾ ആയിരുന്നതിനാൽ ഇരുവരുടെയും പരിക്ക് സാരമല്ല. ജിപ്‌സം പൊളിഞ്ഞുവീണ സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ യാത്രക്കാർ പേടിച്ചു. കെട്ടിടം പൊളിഞ്ഞുവീഴുകയാണെന്നാണ് ആദ്യം കുരുതിയത്. അധികൃതരെത്തി ജിപ്സം സീലിങ് ആണെന്ന് അറിയിച്ചതോടെ ആശ്വാസമായി. സ്‌റ്റാൻഡിന്റെ വിവിധയിടങ്ങളിൽ ജിപ്‌സം സീലിങ് അടര്‍ന്നുവീണിട്ടുണ്ടെന്നും അപകടാവസ്ഥയിൽ ഇരിക്കുന്ന ജിപ്‌സം സീലിങ് വേറെയുമുണ്ടെന്നും യാത്രക്കാർ പറഞ്ഞു. പാർക്കിങ്ങിനായി അണ്ടർ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മഴവെള്ളം ഒഴുകുന്നതിനാൽ തെന്നിവീഴാനുള്ള സാധ്യതയുമുണ്ട്.










0 comments