ലോക്കോ പൈലറ്റുമാർക്ക് രാപകൽ ജോലി
ഞങ്ങളും മനുഷ്യരാണ്

എം സനോജ്
ഷൊർണൂർ
മൺസൂൺ സമയക്രമത്തിന്റെ പേരിൽ ലോക്കോ പൈലറ്റുമാർക്ക് അമിതജോലിഭാരം അടിച്ചേൽപ്പിച്ച് റെയിൽവേ. പുതിയ ഷെഡ്യൂളിൽ തുടർച്ചയായി രാത്രി ഡ്യൂട്ടികൾ വരുന്നതോടെ വിശ്രമമില്ലാതെ ജോലിചെയ്യേണ്ട അവസ്ഥയാണ്. മൺസൂൺ സമയക്രമം അനുസരിച്ചുള്ള ക്രൂ ലിങ്ക് നടപ്പാകുന്നത് തിങ്കളാഴ്‌ച മുതലാണ്. ഇപ്പോൾ ആഴ്‌ചയിൽ നാല് രാത്രി വരെയാണ് ലോക്കോ പൈലറ്റുമാർക്ക് ജോലി. പുതിയ നിയമം വന്നാൽ ആറ് രാത്രി വരെ തുടർച്ചയായി ജോലി ചെയ്യേണ്ടിവരും. മൺസൂണിൽ കൊങ്കണിലെ ട്രെയിൻ സമയത്തിലും മാറ്റം വരുന്നതോടെ ജോലി ഭാരം ഇരട്ടിയാകും. ജീവനക്കാരെ മാനസിക– ശാരീരിക സമ്മർദത്തിലാക്കുന്നത് റെയിൽവേ സുരക്ഷയെ ബാധിക്കുമെന്നു ലോക്കോപൈലറ്റുമാർ പറയുന്നു. 39,000 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ നികത്താനുള്ള നടപടി തുടങ്ങുന്പോഴാണ് തൊഴിലാളികളെ വെട്ടിക്കുറച്ചു കൊണ്ടുള്ള പാലക്കാട് ഡിവിഷൻ അധികൃതരുടെ പുതിയ ക്രൂ ലിങ്ക് പരിഷ്കാരം. പരിഷ്‌കാരത്തിന്റെ ഭാഗമായി പാലക്കാട് ഡിവിഷനിൽ കുറയുന്ന ലോക്കോ പൈലറ്റുമാരിൽ 10ൽ അഞ്ചും ഷൊർണൂർ ഡിപ്പോയിൽ നിന്നാണ്. തൊഴിലാളി ദ്രോഹ ക്രൂ ലിങ്കിലെ അപാകം പരിഷ്‌കരിച്ചു പുതിയ ലിങ്ക് നടപ്പാക്കണമെന്നാണ് ലോക്കോ പൈലറ്റുമാരുടെ ആവശ്യം. പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, മംഗലാപുരം ഡിപ്പോകളാണ് ഷൊർണൂർ ഡിവിഷനിലുള്ളത്.
ഐക്യദാർഢ്യവുമായി ഡിആർഇയു
ഷൊർണൂർ
പാലക്കാട് ഡിവിഷൻ ട്രെയിൻ ലോക്കോ പൈലറ്റുമാരുടെ അമിത ജോലിഭാരത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ഡിആർഇയു. കോഴിക്കോട്ട് ചേർന്ന ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ ഡിവിഷണൽ എക്സിക്യുട്ടീവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഡിവിഷണൽ പ്രസിഡന്റ് പി രഘുനാഥൻ അധ്യക്ഷനായി. സെക്രട്ടറി വി സുജിത് റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ആർ ജി പിള്ള കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ഒഴിവുകൾ നികത്താത്തതിനാൽ മതിയായ വിശ്രമില്ലാതെയാണ് ലോക്കോ പൈലറ്റുമാർ ജോലി ചെയ്യുന്നത്. തുടർച്ചയായ രാത്രി ജോലികൾ രണ്ടായി കുറയ്‌ക്കുക, മതിയായ പ്രതിവാര വിശ്രമം അനുവദിക്കുക, പ്രാകൃത മാനുവൽ പട്രോളിങ്ങിനുപകരം എൻജിൻ പട്രോളിങ് ഏർപ്പെടുത്തുക, പിഎൻഎം, എഫ്എൻഎം തുടങ്ങിയ ചർച്ചാ വേദികൾ വിളിച്ചുചേർത്ത് സംഘടനകളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണാണമെന്നും യോഗം ആവശ്യപ്പെട്ടു.










0 comments