കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടി
തടങ്കലിലാക്കിയ 7 ഇതരസംസ്ഥാനക്കാരെ രക്ഷപ്പെടുത്തി

അബ്ദുൽ റഹീം
കൊച്ചി
കാനഡയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ വാങ്ങി വാടകക്കെട്ടിടത്തിൽ തടങ്കലിൽ പാർപ്പിച്ച ഏഴ് ഇതരസംസ്ഥാനക്കാരെ രക്ഷപ്പെടുത്തി. ചേരാനല്ലൂർ സിഗ്നലിനുസമീപം മുണ്ട്യാത്ത് റോഡിലെ വാടകക്കെട്ടിടത്തിൽ തടങ്കലിൽ പാർപ്പിച്ചിരുന്നവരെയാണ് ചേരാനല്ലൂർ പൊലീസ് രക്ഷപ്പെടുത്തിയത്. പ്രതികളിലൊരാളായ പശ്‌ചിമബംഗാൾ സ്വദേശി അബ്ദുൽ റഹീമിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു.
ഇരകളായവരുടെ മൊബൈൽ ഫോൺ, പാസ്‌പോർട്ട്, ഒരുലക്ഷത്തോളം രൂപ എന്നിവ റഹീമിന്റെ പക്കൽനിന്ന് കണ്ടെടുത്തു. മറ്റു പത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. അബ്ദുൽ റഹീമിനെ റിമാൻഡ് ചെയ്തു.
ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കർണാടകം എന്നിവിടങ്ങളിൽനിന്നുള്ളവരാണ് തടങ്കലിലുണ്ടായിരുന്നത്. കണ്ടെത്തിയപ്പോൾ എല്ലാവരും അവശനിലയിലായിരുന്നു. ഓരോരുത്തരിൽനിന്ന് 30 ലക്ഷം രൂപവീതം പ്രതികൾ വാങ്ങിയതായി പൊലീസ് പറഞ്ഞു. കാനഡയിലെ സ്ഥലങ്ങളുടെ ചിത്രങ്ങളുള്ള ഫ്ലെക്സ് സ്ഥാപിച്ചശേഷം ഓരോരുത്തരെയും അതിനുമുന്നിൽ നിർത്തി വീഡിയോ എടുത്തു. എല്ലാവരും കാനഡയിലെത്തിയെന്ന് ഭീഷണിപ്പെടുത്തി പറയിപ്പിച്ച വീഡിയോ നാട്ടിലെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. ഇരകൾ എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവരാണ്.
തടവുകാരിൽ ഒരാൾ വാടകവീട്ടിൽനിന്ന് രക്ഷപ്പെട്ടതോടെ 11 പ്രതികൾ കിട്ടിയ പണവുമായി മുങ്ങി. ഇവർ മറ്റു സംസ്ഥാനങ്ങളിലും തട്ടിപ്പുകൾ നടത്തിയെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളിലെ പൊലീസിൽനിന്ന് ചേരാനല്ലൂർ പൊലീസ് വിവരം തേടി.










0 comments