ad
Deshabhimani

അട്ടപ്പാടിയിൽ മരം വീണ് വഴി മുടങ്ങി

ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

സജീവ്
വെബ് ഡെസ്ക്

Published on Jun 13, 2026, 02:00 AM | 1 min read

അഗളി

ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയ യുവാവ്‌ മരം വീണ്‌ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന്‌ മരിച്ചു. അട്ടപ്പാടി വെള്ളമാരി ഉന്നതിയിലെ ശശിയുടെ മകൻ സജീവാ (26) ണ് മരിച്ചത്. അരിവാൾരോഗ ബാധിതനായ സജീവ് പനി ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ച് വെന്റിലേറ്റർ സഹായം ആവശ്യമായി വന്നതോടെ വ്യാഴാഴ്ച രാത്രി 7.30ന്‌ ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടിയിൽ വൻമരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. തുടർന്ന് അഗളി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്തിരുന്ന അഗ്നിരക്ഷാ സേനയെത്തി രാത്രി ഒന്പതോടെയാണ് മരം മുറിച്ചുമാറ്റിയത്‌. ചുരത്തിലെ തടസ്സം കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് ആംബുലൻസിന് തൃശൂർ മെഡിക്കൽ കോളേജിൽ എത്താനായത്‌. ആശുപത്രിയിലെത്തി അര മണിക്കൂറിനകം സജീവ് മരിച്ചെന്ന്‌ ബന്ധുക്കൾ പറഞ്ഞു. കൃത്യസമയം ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകാൻ കഴിയാതിരുന്നതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മഴക്കാലമായിട്ടും ചുരത്തിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ അധികൃതർ തയ്യാറായില്ല. ഇതിൽ നാട്ടുകാർക്ക്‌ പ്രതിഷേധമുണ്ട്. വെള്ളിയാഴ്ച അട്ടപ്പാടി ചുരത്തിലൂടെ സർവീസ് നടത്തിയ രണ്ട് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തൂങ്ങി കിടക്കുന്ന കാട്ടുവള്ളികളിൽ തട്ടിപ്പൊട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home