Deshabhimani

കേന്ദ്രസർക്കാർ ഭരണഘടന പിച്ചിച്ചീന്തുന്നു: സജി ചെറിയാൻ

pppp
വെബ് ഡെസ്ക്

Published on Oct 22, 2026, 02:43 AM | 1 min read

ആലപ്പുഴ

ബിജെപിയുടെ കേന്ദ്രസർക്കാർ ഇന്ത്യൻഭരണഘടന പിച്ചിച്ചീന്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെകട്ടറിയറ്റ് അംഗം സജി ചെറിയാൻ പറഞ്ഞു. പുന്നപ്ര- –വയലാർ വാർഷിക വാരാചരണത്തോടനുബന്ധിച്ച് വലിയ ചുടുകാട്ടിൽ സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമീഷനെ വരുതിയിലാക്കി എസ് ഐ ആർ നടപ്പിലാക്കിയതോടെ 13 കോടി ജനങ്ങൾക്കാണ് വോട്ടവകാശം നഷ്‌ടമായത്. അവർ ഇന്ത്യൻ പൗരൻമാരല്ലാതാകുന്നു. കേരളത്തിൽ 24 ലക്ഷം വോട്ടർമാരാണ് വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് പുറത്തായത്. അതിലേറെയും ഇടതുപക്ഷ വോട്ടർമാർ. ബിജെപിയുമായി ചേർന്ന് യുഡിഎഫ് അധികാരംപിടിച്ചത് അങ്ങനെയാണ്. കേന്ദ്രത്തിൽ അധികാരം നിലനിർത്താൻ വോട്ടർമാരെ ലിസ്റ്റിൽനിന്ന് പുറത്താക്കുകയാണ്‌. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് നടത്തുന്ന ജനാധിത്യ ധ്വംസനത്തിനെതിരെയാണ് രാജ്യം പൊരുതുന്നത്‌. വികസനരംഗത്ത് പുതുചരിത്രം രചിച്ച കിഫ്ബി സർക്കാർ ഇല്ലാതാക്കി. കിഫ്ബികൊണ്ട് എന്തുചെയ്തു എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ജനങ്ങൾ പറയും മറുപടി. റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കി, വലിയ പാലങ്ങൾ, ആശുപത്രി കെട്ടിടങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എല്ലാം നിർമിച്ചതും ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതും കിഫ്ബിയിലൂടെയാണ്. വികസനങ്ങളെല്ലാം തകർത്തെറിയുകയാണ് യുഡിഎഫ് സർക്കാർ. ആരോഗ്യരംഗം തകർത്തു. സാമൂഹിക സുരക്ഷാ പദ്ധതികൾ ഇല്ലാതാക്കുന്നു. അധികാരത്തിലേറ്റിയവർ തന്നെ ചുരുങ്ങിയ കാലംകൊണ്ട് ഈ സർക്കാറിനെ തള്ളിപ്പറഞ്ഞു. സമാനതകളില്ലാത്ത വികസനങ്ങൾക്ക് നേതൃത്വംനൽകിയ പിണറായി വിജയനെ ജയിലിലടയ്‌ക്കാനാണ് ഇ ഡി യെ ഉപയോഗിച്ച് കള്ളക്കേസ് ചമച്ച് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അത് നടക്കില്ല. പിണറായി വഴിവിട്ട് ഒരുകാര്യവും ചെയ്യില്ലെന്ന് ജനങ്ങൾക്കറിയാമെന്നും സജി ചെറിയാൻ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home