നെഹ്റുട്രോഫി വള്ളംകളി
വിജയക്കൊടി പാറിക്കാൻ സിബിസി

ചങ്ങനാശേരി
ചങ്ങനാശേരി ആഗസ്ത് 30ന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിലും തുടർന്നുള്ള ലീഗ് മത്സരങ്ങളിലും വിജയക്കൊടി പാറിക്കാൻ ചങ്ങനാശേരി ബോട്ട് ക്ലബ് (സി ബി സി) സജ്ജമായതായി ഡയറക്ടർമാരായ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, ഫാ. ജോഫി പുതുപ്പറമ്പ്, ഫാ. ലിപിൻ തുണ്ടുകളം ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2024 ലെ നെഹ്റുട്രോഫിയിൽ പങ്കെടുത്ത സി ബി സി യുടെ ചെലവു കഴിച്ചുള്ള മിച്ചം തുക ക്യാൻസർ കെയർ ഫണ്ടായി സി ഡി എസിന് കൈമാറി. 9ന് വൈകിട്ട് 5ന് മീഡിയാ വില്ലേജിൽ നടക്കുന്ന ഫാൻസ് അസോസിയേഷൻ ജനറൽ ബോഡി സമ്മേളനം നെഹ്റുട്രോഫി മാധ്യമ അവാർഡ് ജേതാവ് ബിദിൻ എം ദാസ് ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 9 ന് ചുണ്ടൻ വള്ളം ചമ്പക്കുളത്ത് നിന്ന് ഘോഷയാത്രയായി കിടങ്ങറയിൽ എത്തിക്കും. 9, 10 തിയതികളിൽ സെലക്ഷൻ ട്രയൽ നടക്കും. 11, 12, 13, 14 തിയതികളിൽ തീവ്ര പരിശീലനവും 14, 15 തിയതികളിൽ വള്ളംകളി പ്രൊഫഷണലുകളെ അണിനിരത്തിയുള്ള പരിശീലനവും നടക്കും. 15 ന് നടക്കുന്ന ട്രയൽ മത്സരം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. സി ബി സി ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ സാന്നിധ്യത്തിൽ ചുണ്ടൻ വള്ളത്തിന്റെ വെഞ്ചരിപ്പും നടക്കും. 23 ന് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന വിളംബര പ്രയാണം മീഡിയാ വില്ലേജിൽ നിന്നാരംഭിച്ച് പെരുന്നയിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ സി ബി സി പ്രസിഡന്റ് ജെയിംസ് കല്ലുപാത്ര, സെക്രട്ടറി തോമസ് കൊടുപ്പുന്നക്കളം ലീഡിങ് ക്യപ്റ്റൻ ബൈജപ്പൻ ചേന്നങ്കരി, പി ആർ ഒ ബിനീഷ് തോമസ് എന്നിവരും സി. ബി സി ഓർഗനൈസിഗ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.










0 comments