ക്യാമ്പസ് ടു ബൂത്ത്’ പ്രത്യേക വോട്ടർ രജിസ്ട്രേഷൻ കാമ്പയിന് തുടക്കം

തെരഞ്ഞെടുപ്പ് കമീഷന്റെ 'ക്യാമ്പസ് ടു ബൂത്ത്' കാമ്പയിൻ കലക്ടർ ഷാജി വി നായർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
വോട്ടർ പട്ടികയിൽ യുവജന പങ്കാളിത്തം ഉറപ്പാക്കാൻ ‘ക്യാമ്പസ് ടു ബൂത്ത്’ രജിസ്ട്രേഷൻ കാമ്പയിന് തുടക്കം. തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ച പദ്ധതി ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ കലക്ടർ ഷാജി വി നായർ ഉദ്ഘാടനംചെയ്തു. ശനിവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രജിസ്ട്രേഷന് അവസരമൊരുക്കും. 2027 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കുൾപ്പടെ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷിക്കാം.
ഇസിഐ നെറ്റ് ആപ്പ് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള സൗകര്യവും മാർഗനിർദേശവും ഒരുക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്. നൂറുശതമാനം വോട്ടർ രജിസ്ട്രേഷൻ കൈവരിക്കുന്ന സ്ഥാപനങ്ങളെ ദേശീയ സമ്മതിദായക ദിനമായ ജനുവരി 25-ന് ആദരിക്കും.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എ എ ഉഷ അധ്യക്ഷയായി. ഇലക്ടറൽ ലിറ്ററസി ക്ലബ് കോ–-ഓർഡിനേറ്റർ ശ്വേത ജോർജ്, സബ് കലക്ടർ സി ശിവശക്തിവേൽ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കല ഭാസ്കർ, ചരിത്രവിഭാഗം മേധാവി എ കെ സന്ധ്യ, ദിയ ആൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു.
ഡിസംബർ 11വരെ അവസരം
സ്പെഷ്യൽ സമ്മറി റിവിഷൻ 2027ന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 11 വരെ നീട്ടി. ഇക്കാലയളവിൽ വില്ലേജ് ഓഫീസുകളിലെ വോട്ടർ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും.









0 comments