print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത് തടവുകാർക്കു പോലും കിട്ടുന്ന നീതി


സ്വന്തം ലേഖകൻ
Published on Nov 04, 2026, 01:12 AM | 1 min read
കൊച്ചി : കാലടി സംസ്‌കൃത സർവകലാശാലയിൽ സമരംചെയ്യുന്ന വിദ്യാർഥികൾക്ക് വൈസ് ചാൻസലറുടെ മർക്കടമുഷ്‌ടിയിലൂടെ നിഷേധിക്കപ്പെട്ടത്, ജയിൽപുള്ളികൾക്കുപോലും നിഷേധിക്കപ്പെടാത്ത നീതി. വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കി സസ്‌പെൻഡ് ചെയ്‌ത വിസി, ആ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് തടഞ്ഞുള്ള വിധിയും ഹൈക്കോടതിയിൽനിന്ന് സന്പാദിച്ച് പാവനമായ അധ്യാപക–വിദ്യാർഥി ബന്ധത്തിന്റെയും കഴുത്ത് ഞെരിച്ചു. സ്വന്തം വിദ്യാർഥികളുടെ ഭാവി തുലയ്‌ക്കണമെന്ന ആവശ്യവുമായി ഉന്നത നീതിപീഠത്തെ സമീപിച്ച ആദ്യ വൈസ്‌ചാൻസലർ എന്ന പേരിലായിരിക്കും സംഘപരിവാർ നോമിനിയായ സിസ തോമസിനെ വരുംകാലം അടയാളപ്പെടുത്തുക.
രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ശിക്ഷ ഇളവ് കിട്ടി ജയിൽമോചിതനായ പേരറിവാളൻ ഇന്ന് മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനാണ്. 31 വർഷം നീണ്ട ജയിൽവാസക്കാലത്താണ് അദ്ദേഹം പ്ലസ്‌ടുവും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. വിദ്യാഭ്യാസത്തിനുള്ള അവകാശം ആരും നിഷേധിച്ചില്ല.
സംസ്‌കൃത സർവകലാശാല വിസി പരീക്ഷാ വിലക്ക് ഏർപ്പെടുത്തിയ 16 വിദ്യാർഥികൾ കുറ്റവാളികളല്ല. പഠന സൗകര്യങ്ങളുടെ പോരായ്‌മ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സമരം ചെയ്‌തതിന്റെ പേരിൽ അവരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. തന്നെ ആക്രമിച്ചെന്ന കള്ളക്കഥ വിസിയും മെനഞ്ഞു. കോൺഗ്രസ്–സംഘപരിവാർ ഗൂഢാലോചന 16 വിദ്യാർഥികളുടെ അനിശ്ചിതകാല സസ്‌പെൻഷനിൽ കലാശിച്ചു. വിദ്യാർഥികൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലാത്തതിനാൽ അന്വേഷണസമിതി റിപ്പോർട്ട് വിസി പൂഴ്‌ത്തി. റിപ്പോർട്ടുകളിലൊന്ന് മാധ്യമങ്ങളിലൂടെ ചോർന്നത് വിസിക്ക് തിരിച്ചടിയായി. വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് അധ്യാപക സംഘടനകളും വകുപ്പുമേധാവികളും വിസിയോട് രേഖാമൂലം അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് വിധി അനുകൂലമായിട്ടും പരീക്ഷാ ഫീസടയ്‌ക്കാൻ വിസി അവരെ അനുവദിച്ചില്ല. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയാണ് സ്വന്തം വിദ്യാർഥികളുടെ ഭാവി തുലയ്‌ക്കുന്ന അനുകൂല വിധി നേടിയത്.









0 comments