കൈക്കൂലി: ചേർത്തല ഡിവൈഎസ്‌പിയെ വിജിലൻസ് അറസ്‌റ്റുചെയ്‌തു

ടി അനിൽകുമാർ
ആലപ്പുഴ
എസ്‌ടിപി പ്ലാന്റിൽ മലിനജലം എത്തിക്കുന്ന വാഹന ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ചേർത്തല ഡിവൈഎസ്‌പി കൊല്ലം കുണ്ടറ സ്വദേശി ടി അനിൽകുമാർ വിജിലൻസ് പിടിയിൽ. ചേർത്തല നഗരസഭയിലെ വിവിധ ഭാഗങ്ങളിൽനിന്ന് മലിനജലം ശേഖരിച്ച് എസ്‌ടിപി പ്ലാന്റിൽ എത്തിക്കുന്ന പരാതിക്കാരിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിജിലൻസ് കെണിയൊരുക്കി അനിൽകുമാറിനെ അറസ്‌റ്റ് ചെയ്‌തത്. മലിനജലം പ്ലാന്റിൽ എത്തിക്കാൻ പരാതിക്കാരന്റെ ഉടമസ്ഥതയിൽത്തന്നെയുള്ള ആറ് ലോറികളാണുള്ളത്. ചേർത്തല ഡിവൈഎസ്‌പിയായി അനിൽകുമാർ ചുമതലയേറ്റതിന് ശേഷം വാഹനങ്ങൾ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് അനിൽകുമാറിനെ നേരിൽ കണ്ട പരാതിക്കാരനോട് എല്ലാ മാസവും 25,000 രൂപ വീതം നൽകാൻ ആവശ്യപ്പെട്ടു. അത്രയും തുക നൽകാൻ കഴിയില്ലെന്ന് പരാതിക്കാരൻ പറഞ്ഞെങ്കിലും അനിൽകുമാർ അംഗീകരിച്ചില്ല. പിന്നീടും പരാതിക്കാരന്റെ വാട്‌ആപ്പ് നമ്പറിൽ ബന്ധപ്പെട്ട് അനിൽകുമാർ താമസിക്കുന്ന തൈക്കലിലുള്ള വീട്ടിൽ വിളിച്ചുവരുത്തി. കൊല്ലത്ത് വീടുപണി പുരോഗമിക്കുന്നതിനാൽ രണ്ടുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. തയ്യാറാകാതിരുന്ന പരാതിക്കാരനോട് ‘പിന്നെ കാണാം’ എന്ന് ഭീഷണിപ്പെടുത്തി തിരികെ അയച്ചു. ഏപ്രിൽ 29ന് പമ്പിൽ ഡീസൽ നിറച്ചുകൊണ്ടിരുന്ന പരാതിക്കാരന്റെ രണ്ട് വാഹനവും വർക്ക്ഷോപ്പിൽ കിടന്ന മറ്റൊരു വാഹനവും ഡിവൈഎസ്‌പി നേരിട്ട് കസ്‌റ്റഡിയിലാക്കി. കഴിഞ്ഞ ദിവസവും മറ്റൊരു വാഹനവും ഡിവൈഎസ്‌പി നേരിട്ട് കസ്‌റ്റഡിയിലെടുത്തു. വാഹനങ്ങൾ വിട്ടുകിട്ടാൻ ഡിവൈഎസ്‌പിയുടെ തൈക്കലിലുള്ള വീട്ടിലെത്തിയ പരാതിക്കാരനോട് ഒരുലക്ഷം രൂപ ആദ്യം നൽകണമെന്നും തുടർന്ന് 25,000 രൂപ വീതവും മാസവും നൽകാൻ ആവശ്യപ്പെട്ടു. കൈക്കൂലി നൽകാൻ താൽപ്പര്യമില്ലാത്ത പരാതിക്കാരൻ ആലപ്പുഴ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം അനിൽകുമാറിനെ നിരീക്ഷണത്തിലാക്കി. ബുധൻ വൈകിട്ട് അഞ്ചിന് ചേർത്തല തൈക്കലിൽ വാടകവീട്ടിൽ പരാതിക്കാരനിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൈക്കൂലി വാങ്ങവേ വിജിലന്‍സിനെ കണ്ടപ്പോള്‍ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് വാടകവീട്ടില്‍നിന്ന് ഓടിയ അനിൽകുമാറിനെ വിജിലന്‍സ് സംഘം പിന്നാലെ ഓടിയാണ് സാഹസികമായി പിടികൂടിയത്. വീടിന് പിന്നിലെ മതിലുചാടി ഓടുന്നതിനിടെയും പിടികൂടുന്നതിനിടെയും ദേഹത്ത് പലയിടത്തും ചെറിയതോതില്‍ പരിക്കേറ്റിട്ടുണ്ട്. അനില്‍കുമാറിനെതിരെ തുറവൂരില്‍ വിവാദ റോഡു നിര്‍മാണമടക്കം നിരവധി പരാതികള്‍ നിലവിലുണ്ടായിരുന്നു.










0 comments