ട്രോളിങ് നിരോധനം
മറ്റ് ജില്ലകളിലെ ബോട്ടുകൾ തീരം വിടണം


സ്വന്തം ലേഖകൻ
Published on Jun 05, 2026, 01:26 AM | 2 min read
ആലപ്പുഴ
ട്രോളിങ് നിരോധനം നടപ്പിൽ വരുന്ന ഒമ്പതിന് അർധരാത്രിമുതൽ ജില്ലയിൽ നിയമവിരുദ്ധ മത്സ്യബന്ധന രീതികൾ അനുവദിക്കില്ലെന്നും മറ്റ് ജില്ലകളിലെ ബോട്ടുകൾ ജില്ലയുടെ തീരം വിട്ടുപോകണമെന്നും അഡീഷണൽ ഡിസ്ട്രിക്‌ട് മജിസ്ട്രേട്ട് ബി ജ്യോതി പറഞ്ഞു. ട്രോളിങ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. നിരോധന കാലയളവിൽ തീരത്ത് ട്രോളിങ് ബോട്ടുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. മറ്റ് ജില്ലകളിലെ ബോട്ടുകൾ ജില്ലയുടെ തീരം വിട്ടുപോകുകയോ സുരക്ഷിതമായി കെട്ടിയിടുകയോ ചെയ്യണം. വളർച്ച പൂർത്തീകരിക്കാത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് ശിക്ഷാർഹമാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
ഇൻഷുറൻസ് ഉറപ്പാക്കണം
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ്, ലൈഫ് ജാക്കറ്റ്, ലൈഫ്ബോയ എന്നിവ കരുതണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കണം. നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കുകയുള്ളു. മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾ യാനത്തിന്റെ രജിസ്ട്രേഷൻ/ ലൈസൻസ് എന്നിവയുടെ പകർപ്പ് സൂക്ഷിക്കണം. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. മത്സ്യഫെഡ് അപകട ഇൻഷുറൻസ് അംഗത്വവും എടുക്കണം. എല്ലാ മത്സ്യബന്ധന യാനങ്ങളിലും ട്രാൻസ്‌പോണ്ടർ ഘടിപ്പിക്കണം. തോട്ടപ്പള്ളി ഹാർബറിൽ രക്ഷാപ്രവർത്തനത്തിന് ബോട്ട് അടക്കമുള്ള സംവിധാനം അടിയന്തരമായി ഒരുക്കണം, പോർട്ടുകളിൽ സാനിറ്റേഷൻ നടപടികൾ സ്വീകരിക്കണം, അന്യസംസ്ഥാന ബോട്ടുകളെ നിയന്ത്രിക്കാൻ കർശനനടപടി വേണം തുടങ്ങിയ ആവശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചു. മത്സ്യബന്ധന മേഖലയിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
രക്ഷയ്‌ക്കായി 2 ബോട്ടും 8 ജീവനക്കാരും
ട്രോളിങ് നിരോധന കാലയളവിൽ രക്ഷാപ്രവർത്തനത്തിന് രണ്ട് യന്ത്രവൽകൃത ബോട്ടുകൾ കായംകുളം ഹാർബർ, തോപ്പുംപടി ഹാർബർ എന്നിവ കേന്ദ്രമാക്കി പ്രവർത്തിക്കും. ബോട്ടുകളിൽ എട്ട് ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ചെത്തി, തോട്ടപ്പള്ളി ഹാർബർ കേന്ദ്രീകരിച്ച് ഓരോ എഫ്ആർപി വള്ളങ്ങൾകൂടി രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കും. ഇതിൽ 10 സീ റെസ്‌ക്യൂ ഗാർഡുമാരുടെ സേവനം ഉറപ്പാക്കും. നിരോധനകാലയളവിൽ ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഹാർബർ എൻജിനിയറിങ്, പൊലീസ് വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കും. തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷനിൽ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. ഫോൺ: 9447967155. അടിയന്തര സാഹചര്യങ്ങളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിലെ 0477 – 2251103 എന്ന നമ്പറിലും ബന്ധപ്പെടാം.










0 comments