പ്രചാരണത്തിൽനിന്ന് വിട്ടുനിന്നു
പഞ്ചായത്തംഗത്തെ ബിജെപി നേതാക്കൾ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചു

ഹരിപ്പാട്
കാർത്തികപ്പള്ളി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനിന്ന സ്വന്തം പഞ്ചായത്തംഗത്തെ ബിജെപി നേതാക്കളായ രണ്ടുപേർ കാറിലെത്തി തട്ടിക്കൊണ്ടുപോയി മർദിച്ചു. ഗുരുതര പരിക്കേറ്റ പഞ്ചായത്തംഗം തൃക്കുന്നപ്പുഴ പൊലീസിന് നൽകിയ പരാതി ബിജെപി ജില്ലാ നേതാക്കൾ ഇടപെട്ട് ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു. കാർത്തികപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡംഗം വിപിൻ മോഹനനാണ് മർദനത്തിനിരയായത്. തിങ്കൾ രാത്രി 8.30 ഓടെ മഹാദേവികാട് എസ്എൻഡിപി സ്‌കൂൾ ജങ്ഷന് സമീപത്തെ ബേക്കറിയിൽനിന്ന് സാധനങ്ങൾ വാങ്ങിയിറങ്ങിയ വിപിൻ മോഹനനെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിക്കാരായ രണ്ട് പേരും മറ്റൊരു യുവാവും ചേർന്നാണ് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചത്. പട്ടികജാതി–വർഗ സംരക്ഷണ നിയമപ്രകാരം കേസെടുത്താൽ കുരുക്കാകുമെന്നറിഞ്ഞതോടെ ആർഎസ്‌എസ് പ്രവർത്തകനായ വിപിൻ മോഹനനെ ബിജെപി ജില്ലാ നേതാക്കൾ ഭീഷണിയും സമ്മർദവും പ്രയോഗിച്ച് കേസിൽനിന്ന് പിന്തിരിപ്പിക്കയായിരുന്നനു. ചൊവ്വ രാവിലെ ഒന്പതിന് നൽകിയ പരാതി ഉച്ചയോടെ പിൻവലിപ്പിച്ചു. കാർത്തികപ്പള്ളിയിൽ ബിജെപി സ്ഥാനാർഥികളായി മത്സരിച്ച സൂരജ്, വിനേഷ് എന്നിവർ ചേർന്നാണ് തട്ടിക്കൊണ്ടുപോയി മർദിച്ചതെന്ന പരായതിയിൽ തൃക്കുന്നപ്പുഴ പൊലീസ് സ്‌റ്റേഷനിൽ മൊഴിനൽകിയ വിപിൻ ഉച്ചകഴിഞ്ഞ് സ്‌റ്റേഷനിലെത്തി പരാതി പിൻവലിച്ചു.










0 comments