പക്ഷിപ്പനി പ്രതിരോധം
പ്രഭവകേന്ദ്ര പരിധിയിൽ അണുനശീകരണം


സ്വന്തം ലേഖകൻ
Published on Nov 21, 2026, 01:58 AM | 1 min read
ആലപ്പുഴ/ അമ്പലപ്പുഴ
ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‍ത അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തുകളിലെ പ്രഭവകേന്ദ്രങ്ങളുടെ ഒരുകിലോമീറ്റർ പരിധിയിൽ ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച അണുനശീകരണം നടത്തി. പിപിഇ കിറ്റ് ധരിച്ച നാല് ദ്രുതകർമസേനകളുടെ നേതൃത്വത്തിലാണ് പക്ഷികളെ കൊന്ന് കത്തിച്ച ഇടങ്ങളിൽ പ്രോട്ടോകോൾ പ്രകാരം അണുനശീകരണം നടത്തിയത്. ഫ്ലെയിം ഗ്യാസ് ഉപയോഗിച്ചും സോഡിയം ഹൈപ്പോക്ലോറേറ്റ് സ്‌പ്രേ ചെയ്‍തും കുമ്മായം വിതറിയുമാണ് അണുവിമുക്തമാക്കിയത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11–ാം വാർഡിലെ സ്വകാര്യവ്യക്തിയുടെ ഫാം, സമീപത്തെ വീടുകളോട് ചേർന്നുള്ള കോഴി, താറാവ്, കാട വളർത്തുകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽനിന്നുള്ള പത്തംഗ സംഘമാണ് അണുവിമുക്തമാക്കിയത്. പകൽ 11 മുതൽ നാലുമണിക്കൂർ നീണ്ട അണുനശീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് നേതൃത്വം നൽകി. പ്രഭവകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ നിരീക്ഷണമേഖലയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് രണ്ടാഴ്‍ചയിലൊരിക്കൽ ഭോപാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ അയയ്‌ക്കുമെന്ന് അധികൃതർ അറിയിച്ചു. ഇങ്ങനെ മൂന്നുമാസം അയച്ച് സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് തെളിഞ്ഞാലാണ് പ്രദേശം പക്ഷിപ്പനിമുക്തമായതായി പ്രഖ്യാപിക്കുക. പക്ഷിപ്പനിയെത്തുടര്‍ന്ന് 18,620 വളര്‍ത്തുപക്ഷികളെയാണ് കഴിഞ്ഞദിവസം നശിപ്പിച്ചത്. 28,000 മുട്ടയും 100 കിലോ തീറ്റയും നശിപ്പിച്ചിരുന്നു.









0 comments