ചൂട്, പാചകവാതകം, തെരഞ്ഞെടുപ്പ്
ഓളമില്ലാതെ കായൽ ടൂറിസം

ആലപ്പുഴ
കനത്ത ചൂടും പശ്‌ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതകക്ഷാമവും തമിഴ്‌നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ജില്ലയുടെ കായൽ വിനോദസഞ്ചാര മേഖലയ്‌ക്ക് ഗുരുതര പ്രതിസന്ധിയായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഏപ്രിൽ–മെയ് സീസണിലും സഞ്ചാരികൾ എത്താത്തതോ ദുരിതത്തിലായിരിക്കുകയാണ് പുരവഞ്ചി ഉടമകളും തൊഴിലാളികളും. ഡിസംബർ കഴിഞ്ഞാൽ ജില്ലയിലെ കായൽമേഖലയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്ന സമയമാണ് ഏപ്രിൽ–മെയ് മാസങ്ങൾ. വിദേശികളും സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ഉൾപ്പെടെ സഞ്ചാരികൾ കൂട്ടത്തോടെയെത്തുന്ന അവധിക്കാലത്ത് ഇക്കുറി പുരവഞ്ചികളിലേറെയും ട്രിപ്പില്ലാതെ കിടക്കുകയാണ്. സംസ്ഥാനത്തെ കൊടുംചൂടാണ് കായൽ ടൂറിസം മേഖലയിൽനിന്ന് സഞ്ചാരികൾ അകലാൻ ഒരു കാരണം. ചൂട് കനത്തതോടെ കായൽയാത്രകൾക്ക് പകരം ഹിൽ സ്‌റ്റേഷനുകൾ സഞ്ചാരികൾ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് പുരവഞ്ചി, റിസോർട്ട് ബുക്കിങില്‍ 40 മുതല്‍ 50 ശതമാനം കുറവുണ്ടെന്ന് ഉടമകള്‍ പറയുന്നു. യുദ്ധത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളും വിനോദസഞ്ചാരത്തിന് വന്‍ തിരിച്ചടിയായി. ഗള്‍ഫ് മേഖലയിൽനിന്ന് വിമാന സര്‍വീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമല്ല. വേനലവധി ചെലവഴിക്കാന്‍ ഗള്‍ഫ് മേഖലകളില്‍നിന്നടക്കം വന്‍തോതില്‍ വിനോദസഞ്ചാരികള്‍ എത്തുന്ന മാസമാണിത്. യുദ്ധഭീതിയും ഏഷ്യ സുരക്ഷിതമല്ലെന്ന തോന്നലും പ്രതിസന്ധി ഗുരുതരമാക്കി. വിമാനനിരക്ക് വർധനയും ആഭ്യന്തര വിനോദസഞ്ചാരികളെ അകറ്റി. മുമ്പ് മുബൈ, ബംഗളൂരു, ഡല്‍ഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തിയിരുന്നു. തമിഴ്‌നാട് അടക്കം സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതും ജില്ലയിലേക്ക് സഞ്ചാരികൾ എത്തുന്നത് കുറച്ചതായി ഹൗസ് ബോട്ട് ഓണേഴ്‌സ് സമിതി ഭാരവാഹികൾ പറയുന്നു.










0 comments