കുറ്റക്കാരെ ജില്ലാ ഭരണവിഭാഗം സംരക്ഷിക്കുന്നു
കായൽ കൈയേറ്റം സർക്കാർ ഒത്താശയിൽ: ഡിവൈഎഫ്ഐ

ആലപ്പുഴ
സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ മുഹമ്മ പഞ്ചായത്തിൽ വേമ്പനാട് കായലിൽ സ്വകാര്യ കമ്പനി അനധികൃത കൈയേറ്റവും നിർമാണവും നടത്തുന്നത് സർക്കാർ ഒത്താശയോടെയാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തും വില്ലേജും നൽകിയ സ്റ്റോപ്പ് മെമ്മോ മന്ത്രി ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം കലക്ടർ ഇടപെട്ട് പിൻവലിപ്പിച്ചത് സംശയാസ്പദമാണ്. സംഭവ സ്ഥലം പോലും സന്ദർശിക്കാതെ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നത് അപമാനകരമാണ്. പരാതിക്കാരെ നേരിട്ട് കാണുന്നതിനും സംഭവസ്ഥലം സന്ദർശിക്കുന്നതിനും കലക്ടർ തയ്യാറാകണം. തദ്ദേശ മന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതിക്കാരെയും പഞ്ചായത്ത് പ്രസിഡന്റിനെയും നേരിട്ട് വിളിച്ചു ഭീഷണിപ്പെടുത്തുന്നതിലൂടെ ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് വ്യക്തമാകുന്നത്. ഇതിന് പുറകിൽ സാമ്പത്തിക നേട്ടമാണ്. അനധികൃത കൈയേറ്റത്തിന് എതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസിൽനിന്നുള്ള നിർദേശത്തെ തുടർന്ന് ജാമ്യമില്ലാത്ത വകുപ്പുകൾ കൂട്ടിച്ചേർത്തത് പ്രതിഷേധാർഹമാണ്. കൈയേറ്റത്തിൽ യുഡിഎഫിന്റെ പഞ്ചായത്ത് മെമ്പർ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എം എസ് അരുൺ കുമാറും സെക്രട്ടറി ജയിംസ് ശമുവേലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.










0 comments