ഓണം സമൃദ്ധിയിലെ വീഴ്ച മറയ്‌ക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ ശ്രമം


സ്വന്തം ലേഖകൻ
Published on Sep 11, 2026, 02:51 AM | 1 min read
ആലപ്പുഴ
ഓണക്കാല പച്ചക്കറി സംഭരണം പാളിയതിലെ സർക്കാർ സംവിധാനത്തിന്റെ വീഴ്ച കൃഷി ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രമം. കുറ്റം മറയ്‌ക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള നീക്കത്തിൽ എതിർപ്പ് വന്നിട്ടും പിന്നോട്ടില്ല. ‘ഓണം സമൃദ്ധി’പദ്ധതിയിൽ 200 കിലോയിൽ താഴെ പച്ചക്കറി സംഭരിച്ച കൃഷി ഓഫീസർമാരോടാണ് വിശദീകരണം നൽകാൻ സർക്കാർ നിർദേശിച്ചത്. ജില്ലയിൽ ഇതിൽ ഉൾപ്പെട്ടത് 32 കൃഷിഭവൻ. ആഗസ്തിലെ സർക്കാർ നിർമിത വെള്ളപ്പൊക്കത്തെ തുടർന്നാണ് പദ്ധതിയുടെ പ്രവർത്തനം അവതാളത്തിലായത്. ഇത് മറച്ചുവച്ച് ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞതിൽ പ്രതിഷേധം ശക്തമായതോടെ നോട്ടീസ് നൽകുന്നത് ഉപേക്ഷിച്ചു. പകരം ഡിഡി ഓഫീസിൽനിന്ന് സർക്കാരിന് നേരിട്ട് വിശദീകരണം നൽകാൻ തീരുമാനിച്ചു. മഴക്കാല മുന്നൊരുക്കങ്ങൾ കൃത്യമായി നടത്താതെയും തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളും പൊഴിയും തുറക്കാതെയും ജില്ലയെ വെള്ളത്തിൽ മുക്കിയ സർക്കാർ അലംഭാവത്തിൽ 30 കോടിയിലേറെ രൂപയുടെ കൃഷി നാശമുണ്ടായി. 35 കൃഷിഭവനുകൾക്ക് കീഴിൽ 8000 ലേറെ കൃഷിക്കാരെ ബാധിച്ചു. 1515.18 ഹെക്‌ടർ കൃഷി നശിച്ചു. ഇത് സംഭരണത്തെയും ബാധിച്ചു. ജില്ലയിൽ പദ്ധതി പരാജയപ്പെട്ടതിന്റെ യഥാർഥ കാരണം മറച്ചുവച്ച് താഴെത്തട്ടിലെ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാനാണ് സർക്കാർ ശ്രമമെന്നാണ് വിമർശനം. സംഭരണനിലവാരം കുറഞ്ഞത്, വിപണിക്കായി സമീപിച്ച കർഷകർ-–കർഷക ഉൽപ്പാദക സംഘടനകൾ, സംഭരിക്കാനുദ്ദേശിച്ച കാർഷികോൽപ്പന്നങ്ങൾ, ആകെ സംഭരിച്ചവ തുടങ്ങി ഏഴു ചോദ്യങ്ങൾക്കാണ് കൃഷി ഓഫീസർമാർ മറുപടി നൽകേണ്ടത്. പരമാവധി 500കിലോ വീതം കർഷകരിൽനിന്ന് സംഭരിക്കണമെന്നായിരുന്നു നിർദേശം. പലയിടത്തും 200 കിലോയിലും താഴെയായി. എന്നാൽ, എത്ര വിൽപ്പന നടത്തണമെന്ന് കൃത്യമായ നിർദേശം നൽകിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വിൽപ്പന ഓൺലൈനിലേക്ക് മാറ്റിയപ്പോൾ കാര്യക്ഷമമായി ചെയ്യാൻ വേണ്ട പരിശീലനം ലഭിച്ചില്ല. ഇടനിലക്കാർക്ക് ലാഭം കൊയ്യാനുള്ള അവസരം സർക്കാർ ബോധപൂർവം ഒരുക്കിയതാണെന്ന ആരോപണവുമുണ്ട്.










0 comments