Deshabhimani

സിബിഎൽ 8–മത്സരം

പുളിങ്കുന്നിലും അരോമ ജേതാവ്‌

പുളിങ്കുന്ന്‌ ജലോത്സവത്തിൽ അരോമ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Nov 01, 2026, 02:26 AM | 1 min read

മങ്കൊമ്പ്

സിബിഎല്‍ ആറാം സീസണ്‍ എട്ടാം മത്സരമായ പുളിങ്കുന്ന്‌ ജലോത്സവത്തിൽ കൊല്ലം അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന്‍ (3.06.139 മിനിറ്റ്‌) ജേതാക്കൾ. പുളിങ്കുന്നിൽ നടന്ന ഫൈനലിൽ വീയപുരം ചുണ്ടൻ-(യുബിസികൈനകരി എഫ് സി) രണ്ടാമതും (3.06.669 മിനിറ്റ്) മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, 3.06.797 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു. തുടക്കം മുതൽ മൂന്നാമതായിരുന്ന അരോമ അവസാന നൂറുമീറ്ററിലാണ്‌ അവിശ്വസനീയ കുതിപ്പ് നടത്തിയത്‌. ഒന്ന്‌, മൂന്ന്‌ സ്ഥാനത്തെത്തിയ വള്ളങ്ങള്‍ തമ്മിലുള്ള സമയ വ്യത്യാസം കേവലം ദശാംശം 530 മില്ലിസെക്കന്റ് (സെക്കന്റിന്റെ ആയിരത്തിലൊരു അംശം) മാത്രമാണ്‌. പട്ടികയില്‍ 74 പോയിന്റുമായി അരോമ വീണ്ടും ഒന്നാമതെത്തി. 72 പോയിന്റുമായി മേല്‍പ്പാടം രണ്ടാമതും 63 പോയിന്റുമായി വീയപുരം മൂന്നാം സ്ഥാനത്തുമാണ്‌. ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനലിൽ പിബിസി കുമരകം തുഴഞ്ഞ സെന്റ് ജോസഫ്‌ ഒന്നാമതെത്തി. വിബിസി തലവടിയുടെ വലിയപണ്ഡിതൻ, ബിബിസി പായിപ്പാട് തുഴഞ്ഞ ദാനിയേൽ വള്ളം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എ ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തിൽ ടിടി ബിസി കുന്നുമ്മ തുഴഞ്ഞ പി ജി കർണനാണ്‌ ഒന്നാമത്‌. ബിബിസി കുമരകം തുരുത്തിത്തറ രണ്ടാമതെത്തി. റെജി ചെറിയാന്‍ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ‍ൗസേപ്പച്ചന്‍ വെമ്പാടുംതറ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആശാ ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭന ഉദയകുമാർ, ടി ജിൻ ജോസഫ്, ജില്ലാ പഞ്ചായത്തംഗം സി വി രാജിവ്, എ എ ഷുക്കൂർ, ജോജോ ആന്റണി, എ ആർ റെജി മോൻ എന്നിവർ സംസാരിച്ചു. ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ- കൈനകരി (ഏഴിന്‌), കായംകുളം (14ന്‌) എന്നിവിടങ്ങളിൽ നടക്കും. 21-ന് കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ സിബിഎൽ ആറാം സീസൺ സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home