ad
Deshabhimani

യുഡിഎഫിനൊപ്പം ബിജെപിയും

കരാർ ജീവനക്കാരിയെ പുറത്താക്കാൻ വീണ്ടും നീക്കം; പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച്‌ എൽഡിഎഫ്‌

strick

കരാർ ജീവനക്കാരിയെ അനധികൃതമായി പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പുറക്കാട് പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 19, 2026, 02:21 AM | 1 min read

സ്വന്തംലേഖകൻ

അമ്പലപ്പുഴ ​

കരാർ ജീവനക്കാരിയെ പിരിച്ചുവിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ പുറക്കാട് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചു. ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ ജിംഷ ജലാലിനെ പിരിച്ചുവിടുന്നതിനെതിരെയാണ് പ്രതിഷേധിച്ചത്. യുഡിഎഫ് ഭരണസമിതി അധികാരത്തിലേറി മൂന്നാംതവണയാണ്‌ ഇ‍ൗ വിഷയം ചർച്ചയ്‌ക്കെടുത്തത്‌. കാരണമൊന്നും കാണിക്കാതെ ജീവനക്കാരിയെ പുറത്താക്കാനുള്ള നീക്കത്തിനൊപ്പമാണ്‌ ബിജെപിയും. ദിവസവേതനാടിസ്ഥാനത്തിൽ 12 വർഷത്തിലേറെയായി ജിംഷ ജോലിചെയ്യുന്നു. ഫെബ്രുവരിയിൽ ഇവരെ ജോലിയിൽനിന്ന് പറഞ്ഞുവിടണമെന്ന അജൻഡ പഞ്ചായത്ത്‌ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 10 വർഷത്തിലധികമായി ജോലിയിൽ തുടരുന്നവരെ പിരിച്ചുവിടാൻ പാടില്ലെന്ന സർക്കാർ തീരുമാനമുണ്ടെന്ന്‌ കാട്ടി എൽഡിഎഫ് അംഗങ്ങൾ വിഷയത്തെ എതിർത്തു. ഇവർ ജോലിയിൽ തുടർന്നാൽ സെക്രട്ടറിയുടെ കൈയിൽനിന്ന് ശമ്പളം നൽകണമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്‌ റഹ്മത്ത് ഹാമിദിന്റെ നിലപാട്‌. പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നൽകി. അഞ്ചുവർഷം മുമ്പും റഹ്മത്ത് ഹാമിദ് ജിംഷയെ പുറത്താക്കാൻ ശ്രമിച്ചിരുന്നു. ട്രൈബ്യൂണലിൽനിന്ന് അനുകൂല വിധി സമ്പാദിച്ചാണ് ജോലിയിൽ തുടർന്നത്. പിരിച്ചുവിടണമെങ്കിൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ തീരുമാനം വേണമെന്ന്‌ നിയമോപദേശം ലഭിച്ചതോടെയാണ് ബുധനാഴ്‌ച വിഷയം വീണ്ടും ചർച്ചയ്‌ക്കെടുത്തത്. 19 അംഗ ഭരണസമിതിയിൽ യുഡിഎഫിനുള്ളത്‌ ഒന്പത്‌ അംഗങ്ങൾ. യുഡിഎഫിന്റെ അഭിപ്രായത്തെ എൽഡിഎഫ് അംഗങ്ങൾ എതിർത്തപ്പോൾ ബിജെപി അംഗം അനുകൂലിച്ചു. ഇതോടെയാണ്‌ ബഹിഷ്‌കരണം. സർക്കാർ നിർദേശം മറികടന്ന്‌ കരാർ ജീവനക്കാരിയെ പിരിച്ചുവിടാനുള്ള യുഡിഎഫ്, ബിജെപി കൂട്ടായ നീക്കത്തിൽ പ്രതിഷേധിച്ചാണ് കമ്മിറ്റി ബഹിഷ്‌കരിച്ചതെന്ന്‌ എൽഡിഎഫ് അംഗങ്ങൾ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home