അമീബിക് മസ്‌തിഷ്‌കജ്വരം, വെസ്‌റ്റ് നൈൽ പനി
3 പേർ ചികിത്സയിൽ; ആശങ്ക പടരുന്നു


സ്വന്തം ലേഖകൻ
Published on May 09, 2026, 01:11 AM | 1 min read
ആലപ്പുഴ
ജില്ലയിൽ രണ്ട് പേർക്കുകൂടി അമീബിക് മസ്‌തിഷ്‌കജ്വരവും ഒരാൾക്ക് വെസ്‌റ്റ് നൈൽ പനിയും സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കയേറുന്നു. അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ച മൂന്ന് പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് തീവ്ര പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഞ്ഞിക്കുഴി സ്വദേശിക്ക് വ്യാഴാഴ്‌ച വെസ്‌റ്റ്‌നൈൽ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മാരാരിക്കുളം സൗത്ത് പഞ്ചായത്ത് സർവോദയപുരം സ്വദേശിയും നിർമാണത്തൊഴിലാളിയുമായ ഇരുപത്തിയെട്ടുകാരനും പട്ടണക്കാട് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ അറുപത്തിയഞ്ചുകാരനുമാണ് വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്. പട്ടണക്കാട് തീരത്തും ഫോര്‍ട്ടുകൊച്ചി, ചെല്ലാനം കേന്ദ്രീകരിച്ചും മത്സ്യ ബന്ധനം നടത്തുന്നയാളാണ്. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇതോടെ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച് ചികിത്സയിലായവരുടെ എണ്ണം മൂന്നായി. സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആറാട്ടുപുഴ മൂന്നാം വാർഡിലും മാരാരിക്കുളം സൗത്ത് പഞ്ചായത്ത് 18–ാം വാർഡിലും പട്ടണക്കാട് 19–ാം വാർഡിലും രണ്ടാഴ്ച നീളുന്ന തീവ്ര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോഗ്യജീവനക്കാർ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വീടുകൾ സന്ദർശിച്ച് ജലസാമ്പിളുകൾ ശേഖരിക്കുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്യുന്നുണ്ട്. ആറാട്ടുപുഴയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഇന്റർ സെക്ടറൽ യോഗംചേർന്നു. തിങ്കളാഴ്ചക്കുള്ളിൽ പഞ്ചായത്തിലെ 18 വാർഡുകളിലും സ്‌ക്വാഡ് പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കും. രോഗം സ്ഥിരീകരിച്ച ആറാട്ടുപുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബംഗളുരുവിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ നഴ്‌സ് നീർക്കുന്നം കളത്തിൽ ആര്യമോൾ, മാവേലിക്കര മരാമത്ത് റെസ്‌റ്റ് ഹൗസിലെ കരാർ ജീവനക്കാരൻ തഴക്കര വഴുവാടി കളീക്കൽ വടക്കതിൽ ബിനു വർഗീസ് എന്നിവർ അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് ഒരാഴ്‌ചക്കിടെ മരിച്ചിരുന്നു. ഇത് ജനങ്ങളുടെ ആശങ്ക ഉയർത്തുന്നു.











0 comments