ad
Deshabhimani

കൊയ്‌ത മുഴുവൻ നെല്ലും സംഭരിക്കണം: കേരള കർഷകസംഘം

Karshakan
വെബ് ഡെസ്ക്

Published on Apr 24, 2026, 02:14 AM | 1 min read

ആലപ്പുഴ

കുട്ടനാട്‌, അപ്പർ കുട്ടനാട് മേഖലയിൽ കൊയ്‌ത മുഴുവൻ നെല്ലും സംഭരിക്കണമെന്നും മില്ലുകാരുടെ കിഴിവുകൊള്ള അവസാനിപ്പിക്കണമെന്നും കേരള കർഷകസംഘം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുട്ടനാട്‍, അപ്പർ കുട്ടനാട് മേഖലയിലെ നെല്ലുസംഭരണം അവസാനഘട്ടത്തിലേക്ക്‌ അടുക്കുകയാണ്. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരമുള്ള 68 കിലോ അരി എന്ന ഔട്ട്‌ ടേൺ റേഷ്യോ മില്ലുകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും ഇളവ്‌ അനുവദിക്കണമെന്നുമുള്ള മില്ലുടമകളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ ഔട്ട്ടേൺ റേഷ്യോ 66.5 കിലോ ആയി നിശ്ചയിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം വ്യത്യാസം വരുന്ന ഒന്നരകിലോ അരിയുടെ വില സംസ്ഥാന സർക്കാർ മില്ലുകൾക്കു നഷ്ടപരിഹാരമായി നൽകുമെന്ന് ഉത്തരവ് ഇറക്കി. എന്നിട്ടും ഏറ്റവും നല്ല നെല്ലിനുവരെ കിഴിവ് എടുക്കുകയാണ്‌. മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവ് നൽകാൻ തടസം പറയുന്ന പാടശേഖരങ്ങളിലെ നെല്ലെടുക്കാതെ ദിവസങ്ങളോളം കളത്തിൽ കിടക്കുന്ന സ്ഥിതിയുണ്ടായി. 20 ദിവസംവരെ നെല്ലെടുക്കാതെ കർഷകരെ സമ്മർദത്തിലാക്കി കിഴിവ് കൊള്ള നടത്തുകയാണ് മില്ലുകാർ. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നശേഷം ഇങ്ങനെയുള്ള മില്ലുകൾക്കെതിരെ നടപടി സ്വീകരിച്ച്‌ കർഷകരുടെ നെല്ലെടുപ്പിക്കുന്ന കാര്യത്തിൽ പാഡിമാർക്കറ്റിങ്‌ ഉദ്യോഗസ്ഥരിൽ ചിലർ ജാഗ്രതയോടെ ഇടപെടാതിരുന്നതും നെല്ല് സംഭരിക്കുന്നതിൽ മുമ്പില്ലാത്തവിധം കാലതാമസം സൃഷ്ടിച്ചു. ഇപ്പോഴും ചില പാടശേഖരങ്ങളിൽ നിന്നും നെല്ല് സംഭരിക്കാൻ മില്ലുകാർ തയ്യാറാകുന്നില്ല. കർഷകരെ ബന്ദികളാക്കി കിഴിവുകൊള്ള നടത്തുന്ന മില്ലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ പ്രസിഡന്റ്‌ ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home