ആലപ്പുഴ ‑ ചങ്ങനാശേരി റോഡ്
വെറും റോഡല്ല, കുട്ടനാടിന്റെ ജീവനാഡി

ആലപ്പുഴ ചങ്ങനാശേരി റോഡിലെ -മങ്കൊമ്പ് മേൽപ്പാലം

സ്വന്തം ലേഖകൻ
Published on Oct 20, 2026, 01:55 AM | 1 min read
ആലപ്പുഴ
കുട്ടനാടിന്റെ ജീവനാഡിയായ ആലപ്പുഴ –ചങ്ങനാശേരി റോഡ് പ്രളയത്തെ പ്രതിരോധിക്കുന്ന നിലയിൽ സെമി എലിവേറ്റഡ് ഹൈവേയായി വികസിപ്പിച്ചതിനെ അവഹേളിച്ച് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ നടത്തിയ പരാമര്‍ശത്തിൽ പ്രതിഷേധമുയരുന്നു. "25 കിലോമീറ്റര്‍ റോഡ് 647 കോടിക്ക് പണിയാൻ ഇതെന്താ ജിന്ന് കോട്ട കെട്ടിയതാണോ'യെന്ന പരിഹാസം വെള്ളപ്പൊക്കത്തിന്റെ തീരാദുരിതം നേരിടുന്ന കുട്ടനാട്ടുകാരെ അവഹേളിക്കുന്നതുകൂടിയായി.
ചങ്ങനാശേരി പെരുന്ന ജങ്ഷൻ (എം സി റോഡ് ) മുതൽ ആലപ്പുഴ കളർകോട് ജങ്ഷൻ (ദേശീയപാത 66) വരെയുള്ള 24.164 കിലോമീറ്റർ ദൂരം പരമാവധി വെള്ളപ്പൊക്ക നിരപ്പിന് മുകളിലേക്ക് ഉയര്‍ത്തി അഞ്ച് മേൽപ്പാലം, നാല് വലിയ പാലം, 14 ചെറിയ പാലം, മൂന്ന് കോസ്‌വേ, 75 കലുങ്ക് എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തിലാണ് പുനർനിർമിച്ചത്. വെള്ളപ്പൊക്കകാലത്തും സുരക്ഷിതയാത്രയെന്ന കാലങ്ങളായുള്ള കുട്ടനാട്ടുകാരുടെ സ്വപ്‍നം യാഥാര്‍ഥ്യമാക്കി 2026 മാര്‍ച്ചിലാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചത്.2020 ഒക്‍ടോബറിൽ തുടങ്ങിയ പദ്ധതി 2023 ജൂണിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും സാങ്കേതിക സാഹചര്യങ്ങളും കനത്തമഴയടക്കമുള്ള പ്രതികൂല കാലാവസ്ഥയും പ്രതിഷേധങ്ങളുമെല്ലാം കാരണം വൈകി. ലോകബാങ്ക് സഹായത്തോടെ 752 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
2018-ലെ മഹാപ്രളയത്തിൽ തകർന്ന റോഡുകൾ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന രീതിയിൽ പുനർനിർമിക്കുന്ന റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലാണ് നവീകരിച്ചത്. കെഎസ്ടിപി വഴി നടപ്പിലാക്കിയ പാതയുടെ ജോലികള്‍ നിര്‍വഹിച്ചത് ഊരാളുങ്കലാണ്.









0 comments