10 മാസം; വന്ധ്യംകരിച്ചത് 853 നായ്‌ക്കളെ
എബിസി സെന്റർ എ ക്ലാസ്

ആലപ്പുഴ
ജില്ലയിലെ തെരുവുനായശല്യത്തിന് ശാശ്വതപരിഹാരം കാണാനും വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടിക്കുമായി ജില്ലാ പഞ്ചായത്ത് കണിച്ചുകുളങ്ങരയിൽ ആരംഭിച്ച അനിമൽ ബെർത്ത് കൺട്രോൾ (എബിസി) സെന്ററിന്റെ പ്രവർത്തനം മികച്ച രീതിയിൽ പുരോഗമിക്കുന്നു. പ്രവർത്തനമാരംഭിച്ച് 10 മാസത്തിനകം 853 നായ്‌ക്കളെ വന്ധ്യംകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് എബിസി സെന്റർ നിർമിച്ചത്. 840 ചതുരശ്രയടി വിസ്‌തീർണമുള്ള പ്രധാന കെട്ടിടം, അനുബന്ധസൗകര്യങ്ങൾക്ക് നിർമിച്ച ഷെഡുകൾ, 50 നായ്‌ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടുന്നതാണ് സെന്റർ. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങര മൃഗാശുപത്രിക്ക് സമീപമാണ് സെന്റർ. തെരുവുനായ്‌ക്കളെ പിടിക്കാൻ ആറുപേർ അടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ പിടിക്കുന്ന നായ്‌ക്കളെ കൃത്യമായ നിരീക്ഷണശേഷം ശസ്‌ത്രക്രിയ നടത്തി സെന്ററിലെ കൂടുകളിലേക്ക് മാറ്റി പരിപാലിക്കും. അഞ്ചുദിവസം നിരീക്ഷണത്തിൽ പാർപ്പിച്ചശേഷം പിടിച്ച സ്ഥലത്ത് തിരിച്ചെത്തിക്കും. തിരിച്ചറിയാൻ നായ്‌ക്കളുടെ ചെവിയിൽ അടയാളവും പതിപ്പിക്കും. പകർച്ചവ്യാധിയുള്ള നായ്‌ക്കളെ ചികിത്സ നടത്തിയേ തിരിച്ചുവിടൂ. ആന്റിബയോട്ടിക് ചികിത്സയും പേവിഷബാധയ്‌ക്ക് എതിരെയുള്ള കുത്തിവയ്‌പ്പും നൽകും. ഇവയ്‌ക്കുള്ള ഭക്ഷണവും സെന്ററിൽനിന്നാണ് നൽകുക. ശസ്‌ത്രക്രിയ നടത്തിയ നായക്കളുടെ പരിചരണത്തിന് രാത്രികാലങ്ങളിൽ ഒരു സഹായിയുടെ സേവനവും സെന്ററിലുണ്ട്.










0 comments