ആഘോഷവർണങ്ങളിൽ ആറാടി പെരുമ്പളം

മഴവിൽചിരി... പെരുമ്പളം പാലം കാണാൻ എത്തിയ കുട്ടികളുടെ സന്തോഷം

സ്വന്തം ലേഖകൻ
Published on Mar 12, 2026, 01:49 AM | 1 min read
പെരുമ്പളം
പതിറ്റാണ്ടുകളുടെ സ്വപ്നസാഫല്യത്തിന്റെ ആഘോഷങ്ങൾ കെട്ടടങ്ങിയിട്ടില്ല പെരുമ്പളത്ത്. കായലോളം സന്തോഷം നിറച്ച് പെരുമ്പളം പാലം പൂർത്തിയായതോടെ ദ്വീപും തിരക്കിലായി. ദ്വീപ് നിവാസികളെ പോലെ പാലവും സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. പെരുമ്പളത്തെ പുകഴ്ത്തിയും പാലത്തിന്റെ സൗന്ദര്യം ആഘോഷിച്ച് എ ഐ നിര്‍മിത ഗാനങ്ങളും പാരഡി ഗാനങ്ങളുമായി സമൂഹമാധ്യമങ്ങളും ആഘോഷിക്കുകയാണ്. ഇതോടെ പെരുമ്പളത്തിന്റെ മാരിവില്ലഴക് കാണാന്‍ ദിവസവും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വലിയ ജനക്കൂട്ടമാണ് പാലത്തിലൂടെ നടന്നും വാഹനങ്ങളിലും ദ്വീപിൽ എത്തിക്കൊണ്ടിരിക്കുന്നത്. സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് ഭരണസമിതി. നിലവിൽ പാലമെത്തുന്ന ഭാഗം വരെയാണ് കെഎസ്‌ആർടിസി സർവീസ്. അതിനാൽ ദ്വീപിലെ റോഡുകളുടെ വശങ്ങളിലെ മരച്ചില്ലകൾ മുറിച്ച് ബസിന് സഞ്ചരിക്കാൻ സൗകര്യമൊരുക്കാൻ പഞ്ചായത്തും നിർദേശം നൽകി. കായൽ തീരങ്ങളിൽ റിസോർട്ടും ഹോംസ്‌റ്റേയും ആരംഭിക്കാനായി നിരവധി സംരംഭകരും ദ്വീപിലെത്തുന്നുണ്ട്. ഇതോടെ ഭൂമിയുടെ വിലയിലും വൻവർധനയുണ്ടായി. പാലത്തിനായി സ്ഥലമേറ്റെടുത്തത് സെന്റിന് 45,000 രൂപ നൽകിയാണ്. എന്നാൽ നിലവിൽ രണ്ടു മുതൽ മൂന്നുലക്ഷം വരെയായി. ബന്ധുവീട്ടുകളിലും ടൗണിലും പോയി ഭക്ഷണം കഴിച്ചും സന്തോഷം പങ്കിട്ടും അന്യമായിരുന്ന രാത്രി യാത്രയുടെ ആഘോഷത്തിൽ തുടരുകയാണ് ദ്വീപ് നിവാസികൾ.










0 comments