കലവൂർ ഗോപിനാഥ് സ്‌റ്റേഡിയം
റെക്കോഡുകളുടെ പെരുമഴക്കാലം

മാരാരിക്കുളം
വോളിബോളിലെ ദ്രോണാചാര്യനായിരുന്ന കലവൂർ എൻ ഗോപിനാഥിന്റെ പേരിലുള്ള പ്രീതികുളങ്ങര സ്റ്റേഡിയത്തിൽ ഇത് റെക്കോഡുകളുടെ പെരുമഴക്കാലം. ഒടുവിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 100 മീറ്ററിൽ ടി എം അതുൽ 37 വർഷം മുമ്പുള്ള റെക്കോഡ് തകർത്തു. വെള്ളിയാഴ്ച സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 100 മീറ്റർ ജൂനിയർ വിഭാഗം ഹർഡിൽസിൽ ഇവിടത്തെ അനാമിക അജേഷിന് സ്വർണം നേടാനുമായി. ഇതോടെ ഈ സ്റ്റേഡിയം കായിക ലോകം അറിഞ്ഞു തുടങ്ങി. സ്റ്റേഡിയം തുറന്ന് മൂന്നു വർഷത്തിനുള്ളിലാണ് മെഡൽ വേട്ടയും റെക്കോഡ് വിജയഗാഥയും തുടരുന്നത്. സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ 200 മീറ്ററിലും കഴിഞ്ഞ വർഷത്തെ സംസ്ഥാന ജൂനിയർ മീറ്റിൽ പെന്റാതലനിലും അതുൽ റെക്കോഡ് ഇട്ടിരുന്നു. ചാരമംഗലം ഗവ. ഡി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥി അനാമിക അജേഷ് ലോങ്ജമ്പിൽ ദേശീയ റെക്കോഡ് തകർത്ത് സ്വർണം നേടിയതിനു പിന്നാലെയാണ് ഇതേ സ്കൂളിലെ അതുലിന്റെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന റെക്കോഡ്. ജൂനിയർ വിഭാഗം പെന്റാതലിനിൽ സംസ്ഥാന, ദേശീയ റെക്കോഡുകൾക്കു ഉടമ കൂടിയാണ് അനാമിക. കഴിഞ്ഞ യൂത്ത് സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ ഹെപ്റ്റാതലനിൽ ഒമ്പത് വർഷം മുമ്പുള്ള റെക്കോഡ് തിരുത്തിയത് അനാമിക അജേഷാണ്. സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹെപ്‌റ്റാതലനിൽ റെക്കോഡിട്ട കലവൂർ സ്കൂളിലെ അഭിനവ് ശ്രീ റാമും സ്പോർട്സ് കൗൺസിൽ കോച്ച് കെ ആർ സാം ജിയുടെ ശിക്ഷണത്തിൽ ഈ സ്റ്റേഡിയത്തിലാണ് പരിശീലനം നേടുന്നത്. മൂന്നു വർഷത്തിനുള്ളിൽ ഈ സ്റ്റേഡിയത്തിലെ പരിശീലനത്തിലൂടെ സംസ്ഥാന-- ദേശീയ മീറ്റുകളിൽ പിറന്നത് ഏഴു റെക്കോഡുകളാണ്. പരിശീലകനായ മുഹമ്മ കായിപ്പുറം സ്വദേശി കെ ആർ സാംജിയുടെ ശിക്ഷണത്തിൽ ഇന്ന് 60 കായികതാരങ്ങൾ ഇവിടെ പരിശീലനം നേടുന്നു. മൂന്നു വർഷം തികയുന്നതിനു മുമ്പേ ദേശീയ- സംസ്ഥാന മീറ്റുകളിലായി 64 മെഡലുകൾ സ്വന്തമാക്കാൻ ഇവർക്കായി. കഴിഞ്ഞ സംസ്ഥാന ജൂനിയർ മീറ്റിൽ നാല് റെക്കോഡോടെ 12 മെഡൽ നേടി മേളയിലെ മിന്നും താരങ്ങളുമായി. ടി എം തോമസ് ഐസക് മന്ത്രിയായിരിക്കെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പ്രീതികുളങ്ങരയയിൽ കലവൂർ എൻ ഗോപിനാഥ് സ്മാരക സ്റ്റേഡിയം നിർമിച്ചത്. അന്ന് പലരും വിമർശിച്ചു. സർക്കാർ ഫണ്ട് പാഴാക്കുന്നു എന്നായിരുന്നു ആക്ഷേപം. ഇന്ന് ഇവിടത്തെ കുട്ടികൾ മിന്നും പ്രകടനത്തിലൂടെ ആക്ഷേപിച്ചവർക്ക് മറുപടി നൽകുകയാണ്.മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് സ്റ്റേഡിയത്തിന്റെ പ്രവർത്തനം. ഹൈജമ്പ് പരിശീലനത്തിനുള്ള ബെഡ് ഉൾപ്പെടെയുള്ള സൗകര്യവും ഒരു ലോങ് ജമ്പ് പിറ്റും കൂടി കിട്ടുകയാണെങ്കിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നാണ് പരിശീലകനായ കെ ആർ സാംജിയുടെ അഭിപ്രായം. അതുലിന്റെ ചരിത്ര വിജയം കടലോര ഗ്രാമമായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് നിവാസികൾക്കായിട്ടാണ് സാംജി സമർപ്പിച്ചിരിക്കുന്നത്.









0 comments