ad
Deshabhimani

ഓപ്പറേഷൻ ല‍ൗ

കരുതലിന്‌ പുതിയ സ്‌നേഹകേന്ദ്രം

operation love

പാണ്ടനാട് വയോജന വിശ്രമകേന്ദ്രത്തിലെ അന്തേവാസികളെ സജി ചെറിയാൻ 
എംഎൽഎയുടെ നേതൃത്വത്തിൽ ഗാന്ധിഭവൻ മുതുകുളം കേന്ദ്രത്തിലേക്ക് 
യാത്രയാക്കുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 12:43 AM | 1 min read

ചെങ്ങന്നൂർ

കോവിഡിന്റെ ദുരന്തനാളുകളിൽ വഴിയോരത്ത്‌ കഴിഞ്ഞ തങ്ങളെ സംരക്ഷിച്ചവർക്ക്‌ നന്ദി പറഞ്ഞ്‌ അവർ കരുതലിന്റെ പുതിയ സ്‌നേഹതീരമണഞ്ഞു. പാണ്ടനാട് വയോജന സംരക്ഷണകേന്ദ്രത്തിലെ അംഗങ്ങൾ ഇനി ഗാന്ധിഭവന്റെ സ്‌നേഹക്കൂരയിൽ. നാട്‌ മുപ്പൂട്ടിലായപ്പോൾ തെരുവുകളിൽ കഴിയുന്നവർക്കും ഒറ്റപ്പെട്ട്‌ താമസിച്ചവർക്കും സുരക്ഷിതസങ്കേതം ഒരുക്കാൻ സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ലൗ’ പദ്ധതി നടപ്പാക്കിയത്‌. ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ കണ്ടെത്തിയ അശരണർക്ക് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് സംരക്ഷണം ഒരുക്കി. സ്‌ത്രീകളും കുട്ടികളും അടക്കം 32 പേരെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രീ മെട്രിക് ഹോസ്‌റ്റലിൽ പുനരധിവസിപ്പിച്ചു. ഇവരിൽ സ്‌ത്രീകളും കുട്ടികളുമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ കർണാടക സ്വദേശികളെ കെഎസ്ആർടിസി ബസ് സജ്ജീകരിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ സ്വദേശത്തേക്ക്‌ യാത്രയാക്കി. പാണ്ടനാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്‌ സമീപം എംഎൽഎ ഫണ്ട് ഉപയോഗിച്ച് വയോജന വിശ്രമകേന്ദ്രം നിർമിച്ച്‌ സേവനം തുടർന്നു. സജി ചെറിയാൻ എംഎൽഎ ഓർഫനേജ് കൺട്രോൾ ബോർഡുമായി നടത്തിയ ചർച്ചയിലാണ്‌ അന്തേവാസികളെ ഗാന്ധിഭവന്റെ മുതുകുളത്തെ പുതിയകേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ശനി വൈകിട്ട് വയോജന സംരക്ഷണ കേന്ദ്രത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് വൈകാരികമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ സുധാമണി, വൈസ്‌പ്രസിഡന്റ്‌ ജി വിവേക്, സ്ഥിരംസമിതി അധ്യക്ഷരായ ടി അനു, തുളസി സുദർശനൻ, ബ്ലോക്ക് പഞ്ചായത്തംഗം യശോധരൻ, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ്‌ ജിജി കുഞ്ഞുകുഞ്ഞ്, പഞ്ചായത്തംഗം മോഹനൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home