വള്ളംകളി വേദിയിൽ സതീശനെതിരെ ഫ്ലക്‌സുമായി കുട്ടനാട്ടുകാർ
‘കുട്ടനാടിന് അവധി...നോക്കിയിരുന്നോ, ഇപ്പോ തരാം‘

ചമ്പക്കുളം മൂലം വള്ളംകളിക്കിടയിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കുട്ടനാട്ടുകാർ ഉയർത്തിയ ഫ്ലക്സ്
മങ്കൊന്പ്
പന്പയാറ്റിൽ മൂലംവള്ളംകളി ആവേശത്തിനൊപ്പം ഉയർന്നത് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും. മൂലംവള്ളംകളിക്ക് പ്രാദേശിക അവധി സംബന്ധിച്ച എംഎൽഎയുടെ സബ്‌മിഷനിൽ ഒരു കാരണവശാലും പ്രാദേശിക അവധി അനുവദിക്കില്ലെന്ന് പറഞ്ഞ് കുട്ടനാടിനെയാകെ അപമാനിച്ച മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രിയുടെ പൂക്കി ചിത്രത്തിനൊപ്പം ‘സാർ, കുട്ടനാടിന് അവധി.... നോക്കിയിരുന്നോ ഇപ്പോ തരാം'-, ‘എന്തൊക്കെയാ ഇൗ കൊച്ചു കേരളത്തിൽ നടക്കുന്നേ.. ഒരു കാരണവശാലും കൊടുക്കില്ല’ തുടങ്ങിയ വാചകങ്ങളുള്ള ഫ്ലക്സുകൾ വള്ളത്തിൽ ഉയർത്തി. സബ്‌മിഷന് പരിശോധിച്ച് തീരുമാനം എടുക്കാമെന്ന് മറുപടി നൽകിയ സതീശൻ തൊട്ടടുത്ത നിമിഷം അടുത്തിരുന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ നോക്കി ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് പറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി.
മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ചമ്പക്കുളത്ത് കോലം കത്തിച്ചും മുഖ്യമന്ത്രിയുടെ കോലം സ്ഥാപിച്ച വള്ളം തുഴഞ്ഞും വള്ളംകളി പ്രേമികളും ഡിവൈഎഫ്ഐയടക്കം സംഘടനകളും പ്രതിഷേധിച്ചിരുന്നു.
അവധിയെന്നത് സാങ്കേതികമാണെന്നും അടുത്ത വർഷം കൂടുതൽ ശക്തമായി ആവശ്യമുയർത്തി അവധി നേടുമെന്നും ഉദ്‌ഘാടന സമ്മേളനത്തിൽ അധ്യക്ഷനായ റെജി ചെറിയാൻ എംഎൽഎ പറഞ്ഞു.










0 comments