ചേർത്തുപിടിച്ച ജ്യേഷ്ഠസഹോദരൻ: പി കെ മേദിനി

ഗോകുൽ ഗോപി
Published on Aug 04, 2025, 01:25 AM | 1 min read
ആലപ്പുഴ
‘ദിവാനെതിരെ പാട്ടുപാടി അറസ്റ്റ് വരിച്ച കുട്ടിയാണിത്’– എം കെ സാനു മാഷ് മറ്റുള്ളവർക്ക് തന്നെ പരിചയപ്പെടുത്തിയത് അങ്ങനെയായിരുന്നുവെന്ന് വിപ്ലവഗായിക പി കെ മേദിനി. ആലപ്പുഴയിൽ മാഷിന്റെ മംഗലത്ത് കുടുംബത്തിന്റെ കുടികിടപ്പുകാരായിരുന്നു തന്റെ കുടുംബം. കുടികിടപ്പവകാശം നൽകുന്നതിനെ ആദ്യംഅനുകൂലിച്ച കുടുംബങ്ങളിൽ ഒന്ന് മാഷിന്റെതാണ്. അതിൽ അദ്ദേഹത്തിന്റെയും സ്വാധീനമുണ്ടായിരുന്നു – അസുഖബാധിതയായി വിശ്രമത്തിലായ മേദിനിയുടെ കണ്ണുകൾ നിറഞ്ഞു. എപ്പോൾ കണ്ടാലും സ്നേഹത്തോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യും. പിന്നീട് അതൊരു സൗഹൃദമായി വളർന്നു. ഗൃഹാതുരത്വത്തിൽ അലിഞ്ഞ മനുഷ്യനായി തോന്നിയിട്ടുണ്ട്. കർമമേഖല എറണാകുളത്തേക്ക് മാറിയിട്ടും ജന്മനാടും ബന്ധങ്ങളും കൈവിട്ടില്ല. ഒറ്റയ്ക്കെന്ന് തോന്നിയ നിമിഷങ്ങളിലെല്ലാം കൂടെനിന്നിട്ടുണ്ട്. നഷ്ടമായത് ഒരു ജ്യേഷ്ഠ സഹോദരനെയാണ്. രണ്ടുമാസം മുമ്പ് വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. പോകാൻ ആരോഗ്യം അനുവദിച്ചില്ല. അവസാനമായി കാണണമെന്ന ആഗ്രഹവും നടന്നില്ല. തുല്യരായി പരിഗണിച്ച് അടിസ്ഥാനവിഭാഗത്തെ ചേർത്തുനിർത്തുകയും അവർക്കായി ശബ്ദമുയർത്തുകയും ചെയ്തു. വിദ്യാഭ്യാസവും വായനയും ലോകപരിചയവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ ബാല്യവുമെല്ലാം കാലത്തിന് മുന്നേ നടക്കാൻ മാഷിന് കരുത്തായി – മേദിനി പറഞ്ഞു.









0 comments