മാവേലിക്കരയിൽ 4 പദ്ധതി: ഉദ്ഘാടനം നാളെ

മാവേലിക്കര
നിയോജക മണ്ഡലത്തിൽ സംസ്ഥാന സർക്കാർ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച പദ്ധതിയും തെക്കേക്കര പഞ്ചായത്ത് 40 ലക്ഷം ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച പദ്ധതിയും തിങ്കളാഴ്‌ച ഉദ്‌ഘാടനംചെയ്യും. ഒരുകോടി രൂപ വീതം ചെലവഴിച്ച് തെക്കേക്കര പഞ്ചായത്തിലും മാവേലിക്കര നഗരസഭയിലുമായി രണ്ട് പദ്ധതികളുടെ നിർമാണവും ആരംഭിക്കും. 3.65 കോടി രൂപയുടെ നാല് പദ്ധതികളും മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യും. അംബേദ്കർ ഗ്രാമം പദ്ധതിയിൽ നഗരസഭ രണ്ടാംവാർഡിൽ കുരുവിക്കാട് നഗറിന്റെ പുനരുദ്ധാരണ പ്രവർത്തനം രാവിലെ 10നും തെക്കേക്കര പഞ്ചായത്തിൽ വാർഡ് ഏഴ് വരേണിക്കലിൽ നവീകരണം പൂർത്തീകരിച്ച തെറ്റിക്കുഴി നഗറും ഈ വാർഡിലെ അംബേദ്കർ നഗറിന്റെ പുനരുദ്ധാരണ പ്രവർത്തനം പകൽ 11.30നും ഉദ്ഘാടനംചെയ്യും. തെക്കേക്കര പഞ്ചായത്തിൽ പുത്തൻകുളങ്ങര വാർഡിൽ തെക്കേക്കര പഞ്ചായത്തിന്റെ മുൻകൈയിൽ നിർമാണം പൂർത്തീകരിച്ച വാലിൽ നഗർ റോഡ് 11ന് നാടിന് സമർപ്പിക്കും. എം എസ് അരുൺകുമാർ എംഎൽഎ ചടങ്ങുകളിൽ അധ്യക്ഷനാകും. മൂന്ന് നഗറുകളിലെ വീടുകളുടെ നവീകരണവും ഇവിടേക്കുള്ള റോഡുകളുടെ പുനരുദ്ധാരണവും ശൗചാലയ നിർമാണവും വൈദ്യുതീകരണവുമാണ് അംബേദ്കർ ഗ്രാമം പദ്ധതിയിലുള്ളത്. വാലിൽ നഗറിലേക്കുള്ള റോഡ് നിർമാണത്തിൽ ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ കൂടി വിനിയോഗിക്കുമെന്ന് തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ അറിയിച്ചു. വാലിൽ നഗറിലേക്ക് ഒരുമീറ്ററിൽ താഴെ വീതിയുള്ള വഴിയായിരുന്നു. പതിറ്റാണ്ടുകളുടെ ആവശ്യമായിരുന്നു വീതികൂട്ടൽ. തെക്കേക്കര പഞ്ചായത്ത് ഇടത് ഭരണസമിതിയുടെ മുൻകൈയിൽ ആദ്യം 20 ലക്ഷം രൂപ ചെലവഴിച്ച് ഭൂമി വാങ്ങി. 20 ലക്ഷം രൂപ ചെലവഴിച്ച റോഡ് നിർമിച്ചു. നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് പഞ്ചായത്ത് പദ്ധതി പൂർത്തീകരിക്കുന്നത്.









0 comments