ഇന്ധന വിലവർധന പൊള്ളിച്ചില്ല
ആധി ആളാതെ 34,156 അടുക്കള; ആശ്വാസം സിറ്റി ഗ്യാസ്

ആലപ്പുഴ
മോദി സര്‍ക്കാര്‍ എൽപിജി വില കുത്തനെ കൂട്ടിക്കൊണ്ടിരിക്കുമ്പോഴും ആധിയില്ലാതെ 34,156 വീടുകൾ. കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന സിറ്റി ഗ്യാസാണ് ഇവർക്ക് ആശ്വാസമായത്. എൽഡിഎഫ് സർക്കാരിന്റെ സ്വപ്‍നപദ്ധതി സാധാരണക്കാരുടെ കുടുംബബജറ്റിന് താങ്ങാകുകയാണ്. നാലംഗ കുടുംബത്തിന് മാസം ഉപയോഗിക്കാൻ ഒരു എൽപിജി സിലിണ്ടർ ആവശ്യമാണ്. 950 രൂപയോളം ഇതിന് ചെലവാകുമ്പോൾ പ്രകൃതിവാതകത്തിന് 600 രൂപയിൽ താഴെ മാത്രം. ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയിലും ഏഴ് പഞ്ചായത്തുകളിലുമായി 920 കിലോമീറ്റർ ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖലയുണ്ട്. ഒരുവർഷത്തിനിടെ 15,000 പുതിയ ഗാർഹിക ഉപയോക്താക്കളെയും 25 വാണിജ്യ ഉപയോക്താക്കളെയും പദ്ധതിയിലേക്ക് ബന്ധിപ്പിച്ചു. ചേർത്തല മുനിസിപ്പാലിറ്റിയിലും വയലാർ, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, തണ്ണീർമുക്കം, മാരാരിക്കുളം, മുഹമ്മ, ആര്യാട് പഞ്ചായത്തുകളിലുമാണ് പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകമെത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗാർഹിക കണക്ഷനും ആലപ്പുഴയിലാണ്. 2022ലാണ് പദ്ധതി ആരംഭിച്ചത്. ആലപ്പുഴ നഗരത്തിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 33 വാണിജ്യ സ്ഥാപനങ്ങൾക്കും നാല് വ്യവസായസ്ഥാപനങ്ങൾക്കും പ്രകൃതിവാതക വിതരണംചെയ്യുന്നു. അമ്പലപ്പുഴയിൽ അടുത്തവർഷം പൈപ്പിടും. നാല് വർഷത്തിനുള്ളിൽ സമ്പൂർണ പൈപ്പ് ലൈൻ വാതകം ലഭിക്കുന്ന ജില്ലയാക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉപേക്ഷിച്ച പദ്ധതിക്ക് എൽഡിഎഫ് സർക്കാരുകളാണ് ജീവൻനൽകിയത്.










0 comments