ad
Deshabhimani

കള്ളിങ്‌ പൂർത്തിയായി

28,549 വളർത്തുപക്ഷികളെ കൊന്നു

രോഗബാധയുള്ള താറാവിൻകുഞ്ഞുങ്ങളെ കൊന്ന് സംസ്‌കരിക്കുന്നു

രോഗബാധയുള്ള താറാവിൻകുഞ്ഞുങ്ങളെ കൊന്ന് സംസ്‌കരിക്കുന്നു

വെബ് ഡെസ്ക്

Published on Dec 29, 2025, 12:22 AM | 1 min read

ആലപ്പുഴ

പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്ന്‌ മറവുചെയ്യുന്ന പ്രധാന നടപടിയായ കള്ളിങ്‌ പൂർത്തിയായി. 28,549 പക്ഷികളെ കള്ളിങ്ങിന്‌ വിധേയമാക്കി. പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിതസ്ഥലങ്ങളിൽ കത്തിച്ചുകളയുകയായിരുന്നു. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്.  തിങ്കളാഴ്‌ച പ്രദേശങ്ങളിൽ അണുനശീകരണം നടത്തും. കാർത്തികപ്പള്ളി പഞ്ചായത്തിൽ- 445 പക്ഷികളെയും പുന്നപ്ര തെക്ക് – - 8171, പുറക്കാട് – -5813, ചെറുതന – -4300, അമ്പലപ്പുഴ തെക്ക് – - 6025, കുമാരപുരം – -131, തകഴി – 286, കരുവാറ്റ – 715, നെടുമുടി –- 2663 പക്ഷികളെയും കള്ളിങ്ങിന്‌ വിധേയമാക്കി.

പരിശോധന കർശനമാക്കി

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പക്ഷികളുടെ മാംസം, മുട്ട എന്നിവ കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങൾ വിൽക്കരുതെന്ന കലക്‌ടറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന കർശനമാക്കി. ഭക്ഷ്യസുരക്ഷാവകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥർ നാല് സ്‌ക്വാഡായി തിരിഞ്ഞാണ് ഞായറാഴ്‌ച രോഗബാധിത പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകളിൽ പരിശോധനയും അവബോധവും നടത്തിയത്. ആലപ്പുഴ നഗരത്തിലെ ഏറെ തിരക്കുള്ള ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയ സംഘം ഭക്ഷണം കഴിക്കാനെത്തിയവരെ ഇറക്കിവിട്ടതായി ഹോട്ടലുകാർ ആരോപിച്ചു. എന്നാൽ അവബോധം നൽകുക മാത്രമാണ് ചെയ്‌തതെന്നും, ഹോട്ടലുകാരുടെ ആരോപണം വ്യാജമാണെന്നും ജില്ലാ ഫുഡ് കമീഷണർ പ്രതികരിച്ചു. പക്ഷിപ്പനി തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് ഫ്രോസൺ ചിക്കൻ പാകംചെയ്യാനുള്ള അനുമതി നൽകണമെന്ന് ഹോട്ടലുകാർ ആവശ്യപ്പെട്ടു. വിഷയത്തിൽ തിങ്കളാഴ്‌ച കലക്‌ടറുമായി ചർച്ച നടത്തും. ഇളവ്‌ ലഭിച്ചില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിട്ടുള്ള പ്രതിഷേധത്തിന് തയ്യാറെടുക്കുമെന്ന്‌ ഒരു വിഭാഗം ഹോട്ടലുടമകൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home