Deshabhimani

വോട്ടുചെയ്യാനാകാതെ 
1203 ജീവനക്കാർ

Voting Machine
avatar
സ്വന്തം ലേഖകൻ

Published on Apr 15, 2026, 01:50 AM | 1 min read

ആലപ്പുഴ

ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‌ നിയോഗിക്കപ്പെട്ട 1203 ഉദ്യോഗസ്‌ഥർക്ക്‌ വോട്ടുചെയ്യാനായില്ല. തെരഞ്ഞെടുപ്പ്‌ കമീഷൻ സ‍ൗകര്യമൊരുക്കുന്നതിൽ പരാജയപ്പെട്ടതാണ്‌ കാരണം. ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്കും ഉൾപ്പെടെയാണ്‌ വോട്ട് നഷ്ടമായത്. ജില്ലയിൽ ആകെ 16,453 ഉദ്യോഗസ്ഥരാണ്‌ തപാൽ വോട്ടിന് അപേക്ഷിച്ചത്. ഇതിൽ 10,352 ആളുകൾക്കാണ്‌ തപാൽ ബാലറ്റിന് അനുമതി ലഭിച്ചത്. ആകെ 9149 പേരാണ്‌ വോട്ട് ചെയ്തത്. ചേർത്തല മണ്ഡലത്തിലാണ്‌ കൂടുതൽ പേർക്ക്‌ വോട്ട്‌ നഷ്ടമായത്‌, 271 പേർ. കുറവ്‌ കുട്ടനാട്‌ 48. ​​ ഏപ്രിൽ ഒന്നുമുതൽ ഏഴുവരെയാണ് പോസ്റ്റൽ ബാലറ്റ്‌ വഴി വോട്ടുചെയ്യാനുള്ള സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ, പലയിടത്തും ബാലറ്റുവന്നത് നാലിനാണ്. രണ്ടുതവണയായി നടന്ന പരിശീലനത്തിൽ സൗകര്യമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിയവരിൽ ഭൂരിപക്ഷത്തിനും ബാലറ്റ്‌ ലഭിച്ചില്ല. ഏപ്രിൽ എട്ടിന്‌ ഒരുക്കിയ ക്രമീകരണവും ഫലം കണ്ടില്ല. 
 വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെതിരെ സർവീസ്‌ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ എട്ടിന്‌ പകൽ രണ്ടിനകം പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കിയെന്ന്‌ ഉറപ്പുവരുത്താൻ കോടതി നിർദേശിച്ചു. എന്നാൽ 3.30ന് കോടതി വീണ്ടും ചേർന്നപ്പോൾ പോസ്റ്റൽ വോട്ടിന്റെ നിജസ്ഥിതി അവതരിപ്പിക്കാൻ കമീഷന് കഴിഞ്ഞില്ല. ഇതോടെ ആറുവരെ ഹൈക്കോടതി സമയം അനുവദിച്ചെങ്കിലും വോട്ടുചെയ്യാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി ലഭിച്ചവരിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പ്‌ കമീഷനും കൈയൊഴിഞ്ഞു. വോട്ട്‌ ചെയ്യാൻ കഴിയാത്തവർക്കായി നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്‌ വിവിധ സംഘടനകൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home