ad
Deshabhimani

അധ്യാപക തസ്തിക റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ

അനിശ്ചിതത്വത്തിൽ 106 പേർ

psc
വെബ് ഡെസ്ക്

Published on Sep 04, 2026, 02:21 AM | 1 min read

ആലപ്പുഴ

അധ്യാപക തസ്തിക പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതോടെ പുതിയ പട്ടികയിലെ 106 പേരുടെ നിയമനം അനിശ്ചിതത്വത്തിൽ. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരണത്തിനൊരുങ്ങുന്നതിനിടെ നിലവിലുള്ളതിന്റെ കാലാവധി ആറുമാസം നീട്ടിയ യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഉദ്യോഗാർഥികൾ. ജില്ലയിലെ ഹൈസ്കൂൾ അസിസ്റ്റന്റ്‌ (സോഷ്യൽ സയൻസ്) അധ്യാപക തസ്തികയിലെ പട്ടികയിൽ ഉൾപ്പെട്ടവരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അർഹമായ നിയമനം നഷ്ടമാകുമെന്നും പുതിയ പട്ടികയിലുൾപ്പെട്ടവരെ മറികടക്കാനാണ് സർക്കാർ ശ്രമമെന്നും ഇവർ ആരോപിച്ചു. നിലവിലെ പട്ടികയുടെ കാലാവധി നവംബർ ആറിന് അവസാനിക്കും. ഏഴിന്‌ പുതിയത്‌ നിലവിൽ വരാനിരിക്കെയാണ് ആറുമാസം കൂടി നീട്ടിയത്. നിലവിലെ പ്രധാന ലിസ്റ്റിൽ 26 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 53 പേരുമാണുള്ളത്. ഇതിൽ 24 പേർക്കും നിയമനം ലഭിച്ചിരുന്നു. എൽപി, യുപി അധ്യാപക–വിദ്യാർഥി അനുപാതം കുറയ്ക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയാൽ അഞ്ച് പുതിയ തസ്തികകൾ കൂടിയുണ്ടാകും. ഇ‍ൗ നിയമനവും നിലവിലെ റാങ്ക് പട്ടികയിൽ നിന്നുതന്നെയാകും നടക്കുക. അഭിമുഖം ഉൾപ്പെടെയുള്ള നടപടി പൂർത്തിയാക്കിയ പുതിയ റാങ്ക് പട്ടികയിൽ പ്രധാന ലിസ്റ്റിൽ 35 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 63 പേരും ഭിന്നശേഷി വിഭാഗത്തിൽ എട്ടുപേരും ഉൾപ്പെടെ 106 ഉദ്യോഗാർഥികളാണുള്ളത്. ഏറെക്കുറെ നിയമനം പൂർത്തിയായ പട്ടികയുടെ കാലാവധി വീണ്ടും നീട്ടുന്നത് പുതിയ പട്ടികയിലുള്ളവർക്ക് അവസരം നിഷേധിക്കലാണെന്ന്‌ ഉദ്യോഗാർഥികൾ പറയുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ ഇടിവുണ്ടായി. നിയമനം ലഭിക്കാത്തവരെ പരിഗണിക്കാനെന്ന പേരിലാണ്‌ സർക്കാർ കാലാവധി നീട്ടുന്നത്‌. റാങ്ക് പട്ടികകളുടെ കാലാവധി തുടർച്ചയായി നീട്ടുന്നത് തുല്യനീതി ഉറപ്പാക്കുന്ന പിഎസ്‌സിയുടെ നിയമന രീതി അട്ടിമറിക്കുമെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home