Deshabhimani

ജ്വലിച്ചുയർന്ന്‌ 
വീരവയലാർ

alapp
വെബ് ഡെസ്ക്

Published on Oct 28, 2026, 02:29 AM | 2 min read

വയലാർ

മരണത്തെ കൂസാതെ നിറതോക്കിനെ നേരിട്ട്‌ ചരിത്രം ചുവപ്പിച്ച വീരചരിതത്തെ നമിച്ച്‌ ആയിരങ്ങൾ വയലാർസ്‌മരണ പുതുക്കി. ദിവാനെയും നിറതോക്കുകളെയും വിറകൊള്ളിച്ച രണസ്‌മരണയ്‌ക്കുമുന്നിൽ നാട് ശിരസുനമിച്ചു. തോക്കിനേക്കാൾ മൂർച്ചയേറിയ മുദ്രാവാക്യങ്ങൾ ഹൃദയത്തിലുറച്ച സമരധീരരുടെ വീറുറ്റ പോരാട്ടസ്‌മരണയിൽ രണഭൂമി ജ്വലിച്ചുയർന്നു. ചോരചിന്തിയ പോരാട്ടത്തിന് സാക്ഷിയായ ഇലഞ്ഞിമരം തണൽവിരിച്ച സമരഭൂമിയിലേക്ക് രാവിലെമുതൽ ജനസഞ്ചയം ഒഴുകിയെത്തി. രക്തസാക്ഷി ഗ്രാമങ്ങളിൽനിന്ന്‌ വിപ്ലവക്കൊടിയേന്തി ആവേശഭരിതരായെത്തിയ ചെറുപ്രകടനങ്ങൾ വയലാർ ബലിനിലത്തെ ത്രസിപ്പിച്ചു. വർഗ ബഹുജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെയായിരുന്നു പ്രകടനങ്ങൾ. ബലികുടീരം വലംവച്ച്‌ മുദ്രാവാക്യംമുഴക്കി പിൻതലമുറകൾ രണധീരരോടുള്ള പ്രതിജ്ഞ പുതുക്കി. 80–-ാമത്‌ പുന്നപ്ര-–വയലാർ വാരാചരണത്തിന്‌ ഉജ്വലസമാപനം. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ ആലപ്പുഴ വലിയചുടുകാട്‌, മേനാശേരി രക്തസാക്ഷി മണ്ഡപങ്ങളിൽനിന്ന്‌ എത്തിച്ചു. വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അത്‌ലീറ്റ്‌ പ്രതാപനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന നേതാവ് കെ വി ദേവദാസ്‌ അത്‌ലീറ്റ്‌ വിധുൻ വികാസിനും ദീപശിഖ കൊളുത്തി കൈമാറി. രക്തസാക്ഷി കുടീരങ്ങളും തൊഴിലാളികേന്ദ്രങ്ങളുംകടന്ന്‌ പാതയോരങ്ങളിലെ ഊർജദായക മുദ്രാവാക്യങ്ങളും ഏറ്റുവാങ്ങി ദീപശിഖാ പ്രയാണം വയലാറിലെത്തി. പകൽ 11.12ന് വയലാറിലെത്തിയ മേനാശേരിയിൽനിന്നുള്ള ദീപശിഖ അത്ലീറ്റ് ടി കെ ഷിഹാബുദീനിൽനിന്നും വലിയ ചുടുകാടില്‍ നിന്ന് 12.27ന് വയലാറിലെത്തിച്ച ദീപശിഖ തൻസിൽ താജുദീനിൽനിന്നും ഏറ്റുവാങ്ങി കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, ഇരുകമ്യൂണിസ്‌റ്റുപാർടികളുടെ നേതാക്കളായ ടി ജെ ആഞ്ചലോസ്, പി പ്രസാദ് എംഎൽഎ, ടി ടി ജിസ്‌മോൻ, കെ രാഘവൻ, എം സത്യപാലൻ, വി ജി മോഹനൻ, എ എം ആരിഫ്, കെ ജി രാജേശ്വരി, കെ ആർ ഭഗീരഥൻ, എച്ച് സലാം, എ മഹേന്ദ്രൻ, പി പി ചിത്തരഞ്‌ജൻ, മനു സി പുളിക്കൽ, ജി ഹരിശങ്കർ, എൻ പി ഷിബു, ബി വിനോദ്, ബി സലീം എന്നിവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്‌തു. വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനത്തിൽ അശോകൻ ചരുവിൽ, ആലങ്കോട് ലീലകൃഷ്‌ണൻ, സുജ സൂസൻ ജോർജ്, മാലൂർ ശ്രീധരൻ എന്നിവർ സംസാരിച്ചു. വിദ്വാൻ കെ രാമകൃഷ്‌ണൻ അധ്യക്ഷനായി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, നേതാക്കളായ സി എസ് സുജാത, കെ ജെ തോമസ്, ആർ നാസർ, കെ രാജൻ, ടി ജെ ആഞ്ചലോസ് എന്നിവർ വയലാറിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. സമാപന പൊതുസമ്മേളനത്തിൽ പിണറായി വിജയൻ, ബിനോയ്‌ വിശ്വം, ഡോ. ടി എം തോമസ് ഐസക്, കെ രാജൻ, സി എസ്‌ സുജാത എന്നിവർ സംസാരിച്ചു. പുന്നപ്ര -– വയലാർ 80-–ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി ദേശാഭിമാനി പുറത്തിറക്കിയ സ്‌മരണിക ‘സ്‌പന്ദിക്കുന്ന സമരാങ്കണങ്ങൾ' പിണറായി വിജയൻ ബിനോയ്‌ വിശ്വത്തിന് കൈമാറി പ്രകാശിപ്പിച്ചു. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ അധ്യക്ഷനായി. സെക്രട്ടറി എൻ പി ഷിബു സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home