ഇത് മദം പൊട്ടാത്ത കൂൾ ആന

പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിൽ റോബോട്ടിക് ആനയെ വോയ്‌സ് ഫോർ ഏഷ്യൻ എലിഫന്റ്സ് സൊസൈറ്റി മാനേജിങ് ഡയറക്ടർ സംഗീത അയ്യർ സമർപ്പിക്കുന്നു
ചേർത്തല
ജില്ലയുടെ നാനാഭാഗങ്ങളിൽ ചെറുതും വലുതുമായ ക്ഷേത്രോത്സവങ്ങളുടെ കാലമാണ്. പരിപാടിക്ക് മാറ്റ് കൂട്ടാനും ആചാരത്തിനായും ആന എഴുന്നള്ളിപ്പാണ് പതിവ് കാഴ്‌ച. ഇതിനിടയിലാണ് പാണാവള്ളിയിലും ചേർത്തലയിലും പാപ്പാനും കൂച്ചുവിലങ്ങും തിന്നാൻ പനംപട്ടയും വേണ്ടാത്ത അത്യാധുനികമായ ബദൽ ശ്രദ്ധനേടുന്നത്. ശാസ്‌ത്രസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക് ആനകളുടെ സാന്നിധ്യം പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിലെയും ചേർത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിലെയും പുതുകാല കാഴ്‌ച. വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സാണ് ജില്ലയിൽ ആദ്യമായി ജീറോബോട്ടിക് ആനയെ തയ്യാറാക്കിയത്. നീലംകുളങ്ങര വിഷ്‌ണുദാസൻ, ഓംകാരേശ്വരം രാമസേനാപതി എന്നീ "ആനകളെ' പൂർണ ആചാരങ്ങളോടെ കൈമാറി. ചാലക്കുടിയിലെ ഫോർ ഹീ- ആർട്‌സ് ക്രിയേഷൻസ് ആർട്ടിസ്‌റ്റ് പ്രശാന്ത് പ്രകാശിന്റെ നേതൃത്വത്തിൽ ഫൈബറും റബറും ഉപയോഗിച്ചാണ് നിർമാണം. 10 അടി ഉയരവും 500 കിലോ ഭാരവുമുള്ള ആനകളുടെ കണ്ണ്, ചെവി, തുമ്പിക്കൈ, വാൽ എന്നിവ ചലിക്കും. എഴുന്നള്ളത്തിന് നാലുപേർക്ക് ആനപ്പുറത്ത് കയറാനാകും. പാരമ്പര്യവും ആചാരപ്പൊലിമയും ചോരാതെയും മൃഗങ്ങളോടുള്ള ക്രൂരതയില്ലാതെയും ആഘോഷം സംഘടിപ്പിക്കാൻ സംവിധാനം സഹായിക്കും. വിഎഫ്എഇഎസ് സ്ഥാപകയും മാനേജിങ് ഡയറക്‌ടറുമായ സംഗീത അയ്യരിൽനിന്ന് ക്ഷേത്രസമിതിക്ക് വേണ്ടി പി ആർ പുരുഷൻ, എൻ ആർ സുരേന്ദ്രൻ എന്നിവർ ആനയെ ഏറ്റുവാങ്ങി.











0 comments