താഹ കൊല്ലേത്തിന് നാട് വിട ചൊല്ലി

വാഹനാപകടത്തിൽ മരിച്ച താഹ കൊല്ലേത്തിന്റെ മൃതശരീരത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അഡ്വ. സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ എന്നിവർ ചേർന്ന് അന്തിമോപചാരം അർപ്പിക്കുന്നു
ചാരുംമൂട്
തെങ്കാശിയിൽ കാറപകടത്തിൽ മരിച്ച ഇലിപ്പക്കുളം കൊല്ലേത്ത് വീട്ടിൽ താഹ കൊല്ലേത്തിന് നാട് വിടചൊല്ലി. വെള്ളി രാവിലെ ഒന്പതിന് മൃതദേഹം വീട്ടിലെത്തിച്ചു. സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലയിലുള്ള നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, എം എസ് അരുൺകുമാർ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ബി ബിനു, വി കെ അജിത്ത്, എൻ എസ് സലിംകുമാർ, എൻ മോഹൻകുമാർ, കെ വി അഭിലാഷ്, വി കെ അനിൽ എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. 1984- – 87 വർഷത്തെ നങ്ങ്യാർകുളങ്ങര ടി കെ എം കോളേജിൽ ഡിഗ്രി പഠനകാലത്ത് എസ്എഫ്ഐയുടെ സജീവപ്രവർത്തകനായിരുന്നു. കോളേജ് യൂണിറ്റ് സെക്രട്ടറി, ഹരിപ്പാട് ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡിവൈഎഫ്ഐ വള്ളികുന്നം മേഖലാ പ്രസിഡന്റ്, ചാരുമൂട് ഏരിയ കമ്മിറ്റിയംഗം, ശാസ്‌ത്ര സാഹിത്യ പരിഷത്ത് ഇലിപ്പക്കുളം യൂണിറ്റ് സെക്രട്ടറി, കായംകുളം മേഖലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പഠനകാലത്തുതന്നെ ഉജ്വലപ്രാസംഗികനായും എഴുത്തുകാരനായും തിളങ്ങിയ താഹ പിന്നീട് പ്രവാസജീവിതത്തിലേക്ക് മാറുകയായിരുന്നു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ രഘുപ്രസാദ്, മലയാളം മിഷൻ ഷാർജ യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാരി, പ്രവാസി കൂട്ടായ്‌മ പ്രതിനിധി ആന്റണി ഐസക്, ശാസ്‌ത്രസാഹിത്യ പരിഷത്ത് കേന്ദ്ര കമ്മിറ്റി അംഗം മനോജ് പുതിയവിള, കെപിസിസി സെക്രട്ടറി കെ പി ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ബി രാജലക്ഷ്‌മി, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്‌ണപിള്ള, ജില്ലാ പ്രസിഡന്റ് ഹാഷിം അരീപ്പുറത്ത് എന്നിവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.










0 comments