ad
Deshabhimani

സ്ലാബ്‌ ഇളകി, മൂടിയില്ല

അപകടക്കെണിയായി 
ഓടകൾ

ആലപ്പുഴ നഗരസഭ മുനിസിപ്പൽ ടൗൺ ഹാളിന്‌ മുന്നിലെ റോഡിൽ തകർന്ന ഓടകൾ

ആലപ്പുഴ നഗരസഭ മുനിസിപ്പൽ ടൗൺ ഹാളിന്‌ മുന്നിലെ റോഡിൽ തകർന്ന ഓടകൾ

avatar
സ്വന്തം ലേഖകൻ

Published on May 19, 2026, 12:38 AM | 1 min read

ആലപ്പുഴ
യാത്രക്കാർക്ക് ഭീഷണിയായി നഗരത്തിൽ മൂടിയില്ലാത്ത ഓടകൾ. മഴക്കാലപൂർവ ശുചീകരണം ഊർജിതമാക്കിയെന്ന് നഗരസഭ അവകാശപ്പെടുമ്പോഴും പ്രധാന ഭാഗങ്ങളിലെ ഓടകൾക്ക് പലതിനും മൂടിയില്ല. റോഡുകളുടെ വശങ്ങളിലെ ഓടകൾക്കുമേൽ പാകിയ സ്ലാബുകളുടെ മുകളിലൂടെയാണ് ഭൂരിഭാഗം കാൽനടക്കാരും യാത്രചെയ്യുന്നത്. എന്നാൽ പല ഭാഗങ്ങളിലും മേൽമൂടികൾ പൊളിഞ്ഞു. ചിലയിടങ്ങളിൽ മേൽമൂടി ഇട്ടിട്ടില്ല. നടപ്പാതയിലെ സ്ലാബ് തകർന്നുകിടക്കുന്നത് കാൽനടയാത്രക്കാരെയാണ് കൂടുതൽ അപകടത്തിലാക്കുന്നത്‌. ഓടയിൽ വീണ്‌ ശനിയാഴ്‌ച യുവാവ് മരിച്ചു. ഓടകൾ നന്നാക്കണമെന്ന ആവശ്യം ശക്‌തമാണ്‌. സെന്റ് ജോർജ് മാർത്തോമ്മാപള്ളിയുടെ സമീപം 200 മീറ്റർ നീളത്തിലുള്ള ഓടയ്‌ക്ക്‌ പലയിടത്തും മൂടിയും സംരക്ഷണഭിത്തിയും ഇല്ല. നഗരഹൃദയമായ മുനിസിപ്പൽ ടൗൺഹാളിനും ജനറൽ ആശുപത്രിക്കും എക്‌സൈസ്‌ സർക്കിൾ ഓഫീസിനും മുന്നിലെ ഓടയുടെ മൂടിയും തകർന്നു. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നടന്നുപോകുന്ന സ്ഥലങ്ങളാണ്‌ ഇവ. ഇതിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. മുല്ലയ്‌ക്കൽ സീറോ ജങ്‌ഷനിൽനിന്ന്‌ ഇരുമ്പുപാലത്തിലേക്ക്‌ പോകുന്ന റോഡിലും ഓടയ്‌ക്ക്‌ പലയിടത്തും മൂടിയില്ല. മൂടിയുള്ളവ ഇളകി കിടക്കുന്നു. രാത്രികാലങ്ങളിൽ കെഎസ്‌ആർടിസി ഉൾപ്പെടെ സഞ്ചരിക്കുന്ന വഴിയാണിത്‌. തകർന്നുകിടക്കുന്ന ഓടയുടെ കോൺക്രീറ്റ്‌ പാളികളും കമ്പിയും യാത്രക്കാർക്ക്‌ വൻ ഭീഷണിയാണ്‌. ആറാട്ടുവഴി ജങ്‌ഷന്‌ സമീപത്തും കോൺവന്റ് സ്‌ക്വയറിലും കൈചൂണ്ടിമുക്കിലും ചിലയിടങ്ങളിൽ ഓടയ്‌ക്ക്‌ മൂടിയില്ല. മഴ ശക്തമാകുന്നതോടെ തകർന്ന ഓടകളിൽ വെള്ളംനിറഞ്ഞ്‌ റോഡും ഓടയും തിരിച്ചറിയാൻ സാധിക്കാതെ അപകടമുണ്ടാകാനും സാധ്യതയേറെയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home