ad
Deshabhimani

പുന്നമടയിൽ അ..രോമാഞ്ചം..!

പുത്തനവകാശി

nehru trophy 2026

അരുമയായ്‌ അരോമ 72 –-ാമത്‌ നെഹ്‌റുട്രോഫി ജലോത്സവത്തിൽ അരോമ ചുണ്ടൻ (പത്താംനമ്പർ) ഒന്നാമതായി ഫിനിഷ് ചെയ്യുന്നു. 4.23.328 മിനിറ്റിൽ അരോമ വിജയവരതൊട്ടപ്പോൾ 
നടുഭാഗം 4.23.448 മിനിറ്റിൽ രണ്ടാമതും വീയപുരം 4.23.770 മിനിറ്റിൽ മൂന്നാമതും ഫിനിഷ്‌ചെയ്‌തു ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

വെബ് ഡെസ്ക്

Published on Aug 23, 2026, 02:29 AM | 2 min read

-െഫ-ബിൻ ജോഷി

ആലപ്പുഴ

നെഹ്‌റുട്രോഫിക്ക്‌ പുത്തനവകാശി; പുന്നമടയിൽ പുത്തൻ ചുണ്ടന്റെ വിസ്‌മയം. നിർമിച്ച്‌ രണ്ടുമാസം മുന്പ്‌ മാത്രം നീറ്റിലിറക്കിയ അരോമ ചുണ്ടൻ കന്നിപ്പോരിൽ കപ്പുയർത്തി. മൈക്രോ സെക്കൻഡുകൾ വിധിയെഴുതിയ മത്സരത്തിൽ രണ്ടാംസ്ഥാനക്കാരായ പുന്നമട ബോട്ട്‌ ക്ലബിന്റെ നടുഭാഗത്തെ 120 മൈക്രോ സെക്കൻഡുകൾക്ക്‌ പിന്നിലാക്കിയാണ്‌ കൊല്ലം പരവൂർ അരോമ ബോട്ട്‌ ക്ലബിന്റെ അരോമ ചുണ്ടൻ നെഹ്‌റുട്രോഫിയിൽ മുത്തമിട്ടത്‌. യുബിസി കൈനകരി എഫ്‌സിയുടെ വീയപുരം ചുണ്ടൻ 442 മൈക്രോ സെക്കൻഡിന്‌ പിന്നിൽ മൂന്നാം സ്ഥാനക്കാരായി. ജൂൺ 18ന്‌ നീരണിഞ്ഞ പുത്തൻചുണ്ടന്റെ കരുത്തിലേറി 12 സീസണുകളുടെ കാത്തിരിപ്പിന്‌ ശേഷമാണ്‌ വെള്ളിക്കിരീടം കൊല്ലത്തേക്ക്‌ പോയത്‌. രഞ്ജിത്ത്‌ സജീവൻ കൊച്ചുമ്മനാണ്‌ അരോമയുടെ ക്യാപ്‌റ്റൻ. ജിതിൻ വർഗീസ്‌ ലീഡിങ്‌ ക്യാപ്‌റ്റനാണ്‌. കളിവള്ളങ്ങളുടെ രാജശിൽപി സാബു ആചാരിയാണ് അരോമ ചുണ്ടൻ നിർമിച്ചത്‌. കായലാഴങ്ങളിൽ നിറഞ്ഞുനിന്ന ആവേശമൊന്നാകെ തുഴയിൽ കോരിയെറിഞ്ഞ ഫൈനൽ ജലോത്സവ പ്രേമികളെ ആവേശത്തിലാഴ്‌ത്തി. അരോമ 4.23.328 മിനിറ്റിൽ വിജയവരതൊട്ടപ്പോൾ നടുഭാഗം 4.23.448 മിനിറ്റിലും വീയപുരം 4.23.770 മിനിറ്റിലും ഫിനിഷ്‌ചെയ്‌തു. മൂന്നാം ഹീറ്റ്‌സിൽ ഇത്തവണത്തെ മികച്ച സമയംകുറിച്ച്‌ ഒന്നാമനായി ഫൈനൽ യോഗ്യത നേടിയിട്ടും പള്ളാത്തുരുത്തി ബോട്ട്‌ ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ (4.24.015) കലാശപ്പോരിൽ നാലാമനായി. ഹീറ്റ്‌സിലെ മികച്ച സമയത്തിൽ മേൽപ്പാടത്തിനും ​(4.15.492) നടുഭാഗത്തിനും (4.16.976) വീയപുരത്തിനും (4.20.666) പിന്നിൽ അവസാനസ്ഥാനക്കാരായാണ്‌ അരോമ (4.26.522) ഫൈനൽ യോഗ്യത നേടിയത്‌. വനിതകളുടെ തെക്കനോടി (തറ) വിഭാഗത്തിൽ സാരഥി (പുന്നമട ഫ്രണ്ട്‌സ്‌ ബോട്ട്‌ ക്ലബ്‌) കെട്ട്‌ വിഭാഗത്തിൽ പടിഞ്ഞാറേ പറമ്പൻ (യങ്‌സ്റ്റാർ ബോട്ട്‌ ക്ലബ്‌) ഒന്നാമതായി. ഇരുട്ടുകുത്തി സി ഗ്രേഡിൽ ഇളമുറതമ്പുരാൻ പമ്പാവാസൻ (ബിബിസി ഇല്ലിക്കൽ, കാറളം), ഇരുട്ടുകുത്തി ബി ഗ്രേഡിൽ താണിയൻ ദി ഗ്രേറ്റ്‌ (കുറുമ്പതുരുത്ത്‌ ബോട്ട്‌ ക്ലബ്‌), ഇരുട്ടുകുത്തി എ ഗ്രേഡിൽ മൂന്ന്‌ തൈക്കൽ (പുളിങ്കുന്ന്‌ ട‍ൗൺ ബോട്ട്‌ ക്ലബ്‌), വെപ്പ്‌ ബി ഗ്രേഡിൽ ചിറമേൽ തോട്ടുകടവൻ (സായി പുന്നമട), വെപ്പ്‌ എ ഗ്രേഡിൽ നെപ്പോളിയൻ (ഡിബിസി കൊച്ചിൻ ട‍ൗൺ) ചുരുളൻ വിഭാഗത്തിൽ വേലങ്ങാടൻ (ബിബിസി കുമരങ്കരി), ചുരുളൻ വിഭാഗത്തിൽ മൂഴി (ബിബിസി കുമരങ്കരി) എന്നീ വള്ളങ്ങൾ വിജയികളായി. മുഖ്യമന്ത്രി വി ഡി സതീശൻ വള്ളംകളി ഉദ്‌ഘാടനംചെയ്‌തു. വിജയികൾക്ക്‌ മന്ത്രിമാരായ പി സി വിഷ്‌ണുനാഥ്‌, എം ലിജു, കൊടിക്കുന്നിൽ സുരേഷ്‌ എം പി, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ സമ്മാനങ്ങൾ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home