പെരുമയോടെ ഏവൂർ സംക്രമ വള്ളംകളി

ഏവൂരിലെ കരനാഥൻമാർക്ക് പത്തിയൂർ ദേവീക്ഷേത്രത്തിൽ നല്‍കിയ സ്വീകരണം
കാർത്തികപ്പള്ളി
ആചാരപ്പെരുമയിൽ ഏവൂർ കർക്കടക സംക്രാന്തി ജല മഹോത്സവം. ഏവൂര്‍ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്‌ഠയുടെ വാര്‍ഷികമായാണ് കര്‍ക്കടകം ഒന്നാംതീയതി ഏവൂർ സംക്രമ വള്ളംകളി ഘോഷയാത്ര സംഘടിപ്പിക്കുന്നത്. പത്തിയൂര്‍ -കരിപ്പുഴ ഉള്ളിട്ടപുഞ്ചയിലൂടെ പകൽ മൂന്നോടെയാണ് പ്രധാന ജലഘോഷയാത്ര. കരിപ്പുഴ ഉള്ളിട്ട പുഞ്ചയിലൂടെ വാദ്യമേളവും വഞ്ചിപ്പാട്ടുമായി ഏവൂർ കരക്കാർ കിഴക്കേ അതിര്‍ത്തിയിലെ ഉരിയ ഉണ്ണിതേവര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ കടവിലേക്ക് പുറപ്പെട്ടു. ഏവൂര്‍ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ സംക്രമവള്ളംകളിക്ക് മുന്നോടിയായി കരനാഥന്‍മാര്‍ രാവിലെ പത്തിയൂര്‍ ദേവീക്ഷേത്രത്തിലേക്ക് വള്ളത്തിൽ ഘോഷയാത്രയോടെയാണ് എത്തിയത്. അവിടെനിന്ന് ദക്ഷിണയും സ്വീകരണവും ഏറ്റുവാങ്ങി തിരികെ യാത്രയിൽ തെക്കേപാലമൂട്ടിൽ നൽകിയ സ്വീകരണവും ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തി. ശീവേലിക്കുശേഷം കരക്കാർ വള്ളസദ്യയൊരുക്കി. ജലഘോഷയാത്രയെത്തുടർന്ന് വഞ്ചിപ്പാട്ടുമായി കരക്കാർ ക്ഷേത്രത്തിൽ വൈകിട്ട് ആറോടെയെത്തി. അത്താഴപൂജയ്‌ക്കുശേഷം മൂന്ന് കരയിൽനിന്ന് സമാഹരിച്ച കരിക്കുകൾ ക്ഷേത്രത്തിലെ ഏക ഉപദേവതയായ ഭൂതനാഥസ്വാമിയുടെ തിരുനടയിൽ എറിഞ്ഞുടച്ചു. ഏവൂർ തെക്ക്, വടക്ക്, വടക്ക് പടിഞ്ഞാറ് കരകളിലെ സംഘടനകൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.










0 comments