ശരണപാത മാലിന്യമുക്തമാക്കി വിദ്യാർഥികൾ

ശുചീകരണ യജ്ഞത്തിലൂടെ ശരണപാത മാലിന്യമുക്തമാക്കിയ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥികൾ
ചെങ്ങന്നൂർ
ശബരിമല തീർഥാടന പാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനും പ്രകൃതി സംരക്ഷണ ബോധവൽക്കരണം നടത്താനുമായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എൻഎസ്എസ് യൂണിറ്റുകൾ, ഭൂമിത്രസേന ക്ലബ്, എൻസിസി യൂണിറ്റ് എന്നിവ ചേർന്ന് ശുചീകരണ യജ്ഞവും കാടറിവ് പഠനയാത്രയും സംഘടിപ്പിച്ചു. എരുമേലി വനം റേഞ്ചിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്റെയും കോട്ടയം നേച്ചർ സൊസൈറ്റിയുടെയും സഹകരണത്തിലായിരുന്നു ശുചീകരണയജ്ഞം. പ്ലാച്ചേരി - എരുമേലി റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള മാലിന്യങ്ങളാണ് ശേഖരിച്ചത്. രണ്ട് ഘട്ടങ്ങളായി 32 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്ത് സുരക്ഷിത സംസ്കരണത്തിന് കൈമാറി.വിദ്യാർഥികളും അധ്യാപകരും അടങ്ങിയ സംഘത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷാ നിർദേശങ്ങളും വനമേഖലയുടെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസ് നൽകി. കനകമല ജങ്‌ഷനിൽ വിദ്യാർഥികൾ ഫ്ലാഷ് മോബിലൂടെ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരേ സന്ദേശം നൽകി. എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി രതീഷ്, കോട്ടയം നേച്ചർ സൊസൈറ്റി അംഗങ്ങളായ പ്രദീപ് അയ്മനം, ജയകുമാർ, ഭൂമിത്രസേന ക്ലബ് കൺവീനർ ഡോ. ആർ അഭിലാഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. എൽസ ആൻ കോശി, വിദ്യാർഥികളായ അനന്തകൃഷ്ണൻ, ഐശ്വര്യ സുധീർ എന്നിവർ നേതൃത്വം നൽകി.









0 comments