വലഞ്ഞുതുടങ്ങി

കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടം കോൺക്രീറ്റിങ്ങിനായി അടച്ചപ്പോൾ യാത്രക്കാർ പുറത്തേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടുന്നു
കോട്ടയം ശബരിമല തീർഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ വേണ്ടവിധം നടത്താത്തതിനാൽ, നടതുറന്ന ദിവസംതന്നെ തീർഥാടകർ വലഞ്ഞു. എരുമേലിയിൽ ശുചിമുറി സൗകര്യങ്ങൾ ആവശ്യത്തിനില്ലാത്തത് ജനങ്ങളെ വലച്ചു. ഇടത്താവളങ്ങളിലും ഇതായിരുന്നു അവസ്ഥ. കോട്ടയം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് കനത്ത തിരക്കനുഭവപ്പെട്ടു. സ്‌റ്റേഷനു മുന്നിലെ റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിനാൽ പല ഭാഗങ്ങളും അടച്ചതാണ് തിരക്കുണ്ടാകാൻ കാരണം. കാറുകളും കെഎസ്‌ആർടിസി ബസുകളും എത്തിയതോടെ അക്ഷരാർഥത്തിൽ ശ്വാസംമുട്ടി. പമ്പ ബസുകൾക്ക് പാർക്ക് ചെയ്യാൻ സ്‌റ്റേഷന്റെ പിന്നിലുള്ള സ്ഥലം ഒരുക്കിയിരുന്നില്ല. അതിനാൽ മുൻവശത്തുതന്നെ ബസുകൾ ഇടേണ്ടിവന്നു. ഇത് ഗതാഗതക്കുരുക്കുണ്ടാക്കി. റെയിൽവേ സ്‌റ്റേഷനിലേക്കുള്ള പ്രധാന കവാടത്തിലും ഗുഡ്‌സ് ഷെഡ്ഡിലേക്ക് പോകുന്ന റോഡിലും ഓട്ടോറിക്ഷ ബേയിലുമാണ് ഇപ്പോൾ കോൺക്രീറ്റിങ് നടത്തിയത്. സീസൺ തുടങ്ങുന്നതിനു മുമ്പേ റോഡുകൾ അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്നു. ഇത് വൈകിയതാണ് വിനയായത്. അതേസമയം, സ്‌റ്റേഷന്റെ തൊട്ടുമുമ്പിലുള്ള റോഡിൽ കുഴികളുമുണ്ട്. തീർഥാടകർക്ക് വിശ്രമത്തിനുള്ള പിൽഗ്രിം സെന്റർ ഒരുങ്ങിയിട്ടുണ്ട്. എന്നാൽ സ്‌റ്റേഷനിൽ കുടിവെള്ളം കിട്ടാൻ ആവശ്യത്തിന് സൗകര്യങ്ങളില്ല. മൾട്ടി സ്‌റ്റോറി പാർക്കിങ്ങിന് സമീപമുണ്ടായിരുന്ന ശൗചാലയം പ്രവർത്തിക്കുന്നില്ല. ഇതിനിടെ, ടാക്‌സി ഡ്രൈവർമാരിൽനിന്ന് ഫീസ് ഇൗടാക്കാൻ റെയിൽവേ അപ്രതീക്ഷിതമായി എടുത്ത തീരുമാനം പ്രതിഷേധത്തിനിടയാക്കി. ശബരിമല സീസണിലേക്ക് ഓടാനെത്തിയ ടാക്‌സികൾ എല്ലാവരും ചേർന്ന് ദിവസവും 1,298 രൂപ ഫീസായി തരണമെന്നാണ് റെയിൽവേയുടെ പുതിയ ഉത്തരവ്. തറവാടകയെന്ന പേരിലാണ് ഇത് വാങ്ങുന്നത്. ടാക്‌സി ഡ്രൈവർമാർ ഇതുസംബന്ധിച്ച് എംപിയോടും കലക്ടറോടും പരാതിപ്പെട്ടു. സർവീസിന് 50 ബസുകൾ കോട്ടയം കെഎസ്‌ആർടിസി സ്‌റ്റാൻഡിൽനിന്നും റെയിൽവേ സ്‌റ്റേഷനിൽനിന്നും 50 കെഎസ്‌ആർടിസി ബസുകൾ പമ്പയ്‌ക്ക് സർവീസ് നടത്തും. എരുമേലിയിൽനിന്ന് 25 ബസുകളുമുണ്ട്. തിരുനക്കര, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രങ്ങളിൽനിന്ന് എന്നും ദീപാരാധനയ്‌ക്കുശേഷം സർവീസ് ഉണ്ടായിരിക്കും. ശബരിമല സീസൺ പരിഗണിച്ച് കോട്ടയത്തുകൂടി സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. ട്രെയിനിലേക്ക് ആവശ്യമായ വെള്ളം നിറയ്‌ക്കാനുള്ള സംവിധാനം കോട്ടയം സ്‌റ്റേഷനിൽ ഒരുങ്ങി. "ട്രെയിൻ വാട്ടറിങ്' എന്ന ഇൗ സംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്.








0 comments