കനകാശേരി പാടശേഖരത്തിൽ 8 വർഷത്തിനുശേഷം വിതമഹോത്സവം

കനകശേരി പാടശേഖരത്തിൽ വിത്തിടീലിനുശേഷം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ രാഹുൽ കർഷകർക്കും സ്‌കൂൾക്കുട്ടികൾക്കും ഒപ്പം
തകഴി
എട്ട് വർഷത്തോളം മടവീഴ്‌ചമൂലം തരിശായി കിടന്ന കൈനകരി കനകാശേരി പാടശേഖരത്തിൽ പുതിയൊരു പാഠ്യേതര മാതൃകയുമായി കുപ്പപ്പുറം ഗവ. ഹൈസ്‌കൂളിലെ കുട്ടികൾ. കനകാശേരി പാടശേഖര നെല്ലുൽപ്പാദക സമിതിയുടെയും സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ വിത മഹോത്സവം 2026 ആഘോഷിച്ചു. സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ളതും പാടശേഖരത്തിന് പടിഞ്ഞാറ് പുറംചിറയോട് ചേർന്നുകിടക്കുന്നതുമായ ഒന്നര ഏക്കർ സ്ഥലത്താണ് കുട്ടികൾ ഈ വർഷം കൃഷി ആരംഭിക്കുന്നത്. മുൻകാലങ്ങളിൽ മടവീഴ്‌ചയുണ്ടാകുമ്പോൾ പ്രദേശം മുഴുവൻ വെള്ളത്തിലാകുകയും സ്‌കൂളിലെ അധ്യയനം മുടങ്ങുകയും പതിവായിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പുറംബണ്ട് കെട്ടി മടവീഴ്‌ച തടയാൻ സാധിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിൽ ജലസേചനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയതും വീണ്ടും കൃഷി സാധ്യമാക്കി. കൃഷി ആരംഭിക്കുന്നതോടെ കുട്ടികളുടെ പഠനം തടസപ്പെടില്ലെന്ന സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും. സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ആർ രാഹുൽ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ കെ എ പ്രമോദ്, നബീഷ്‌കുമാർ, പാടശേഖരസമിതി പ്രസിഡന്റ് എം പി സുരേഷ് എന്നിവർ സംസാരിച്ചു.









0 comments