ad
Deshabhimani

ഒരു"വഴി'ക്കായി പുനർനിർമാണം, 
നാട്ടുകാർക്ക് ദുരിതയാത്ര

road

പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്ന ചേപ്പാട്-–വന്ദികപ്പളളി റോഡ്

വെബ് ഡെസ്ക്

Published on Mar 16, 2026, 12:12 AM | 1 min read

കാർത്തികപ്പള്ളി ​

പുനർനിർമാണത്തിനായി കുത്തിപ്പൊളിച്ച റോഡിൽ വലഞ്ഞ്‌ നാട്ടുകാർ. ദേശീയപാതയിൽ ചേപ്പാട് ജങ്‌ഷനിൽനിന്ന് കായംകുളം- കാർത്തികപ്പള്ളി റോഡിൽ വന്ദികപ്പള്ളി ജങ്ഷനിലെത്തുന്ന രണ്ടര കിലോമീറ്ററോളം നീളമുള്ള പാതയാണ്‌ ദുരിതയാത്ര സമ്മാനിക്കുന്നത്‌. വെട്ടിക്കുളങ്ങര ക്ഷേത്രംവരെ ചേപ്പാട് പഞ്ചായത്തിലൂടെയും തുടർന്ന് വന്ദികപ്പള്ളിവരെ മുതുകുളം- ചിങ്ങോലി പഞ്ചായത്തുകളെയും വേർതിരിച്ചുപോകുന്ന റോഡാണിത്. അവസാനമായി അറ്റകുറ്റപ്പണി നടന്നത് 10 വർഷം മുന്പാണ്. എന്നാൽ വൈകാതെ ടാറിങ് പൊട്ടിപ്പൊളിയാൻ തുടങ്ങി. തുടർന്ന് നാട്ടുകാരുടെ നിരന്തര ആവശ്യത്തിനൊടുവിൽ ആരംഭിച്ച നവീകരണമാണ്‌ ഇഴയുന്നത്‌. ആദ്യം മൂന്ന്‌ കലുങ്കുകളുടെ നിർമാണമാണ് നടന്നത്. അന്നുമുതൽ യാത്രാക്ലേശമാണ്‌. ഒരുവർഷത്തിലേറെ ഇതിന്റെ നിർമാണം നീണ്ടു. തുടർന്ന്, ടാറിങ്ങിനായി റോഡ്‌ മുഴുവനും കുത്തിപ്പൊളിച്ചു. അതോടെ ദുരിതം നാലിരട്ടിയായി. കരിങ്കൽ ചീളുകൾ ചെറിയ വാഹനങ്ങളുടെ ടയറുകളിലേക്ക് തുളച്ചുകയറുന്ന വഴിയിൽ കാൽനടയാത്രപോലും ദുസ്സഹമാണ്. കരിങ്കല്ലുകളിൽ കയറി നിയന്ത്രണം വിടുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്‌ പതിവാണ്‌. രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്‌ പോലും വെല്ലുവിളിയാണ്. വെട്ടിക്കുളങ്ങര ദേവീക്ഷേത്രം, വന്ദികപ്പള്ളി പള്ളി, ചേപ്പാട് ക്രൈസ്‌തവ ദേവാലയം, സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ളവരെല്ലാം കഷ്‌ടപ്പെടുകയാണ്. വന്ദികപ്പള്ളി ജങ്ഷനിലെ കടകളിലേക്കെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. റോഡിന്റെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്നും വ‍ീഴ്‌ചവരുത്തിയ മുതുകുളം ബ്ലോക്ക് എൻജിനിയറിങ്‌ ഉദ്യോഗസ്ഥർക്കും കോൺട്രാക്‌ടർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമരത്തിലേക്ക്‌ കടക്കുകയാണ്‌ സിപിഐ എം ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home