മഴക്കാലപൂർവ ശുചീകരണം ഇഴയുന്നു

ആലപ്പുഴ ബീച്ചിന് സമീപത്തായി നീക്കംചെയ്യാതെ കിടക്കുന്ന മാലിന്യത്തിൽനിന്ന് ഭക്ഷണം തിരയുന്ന കാക്കകൾ
ആലപ്പുഴ
കാലവർഷം ആരംഭിക്കാനിരിക്കെ നഗരത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പേരിനുമാത്രം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് പ്രവർത്തനങ്ങൾ വൈകിയതെന്ന തൊടുന്യായം പറയുക മാത്രമാണ് നഗരസഭ ഇപ്പോഴും ചെയ്യുന്നത്. പെരുമാറ്റച്ചട്ടം പിൻവലിച്ചപ്പോൾ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി നഗരസഭ അവകാശപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട വേനൽമഴയിൽത്തന്നെ നഗരത്തിൽ മാലിന്യം അഴുകി ദുർഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. നഗരസഭാപരിധിയിലെ ഇടത്തോടുകളും, കാനകളും മാലിന്യം നിറഞ്ഞ് നീരൊഴുക്കില്ലാതായിരിക്കുന്നു. നാമമാത്രമായി ചിലയിടങ്ങളിൽ ശുചീകരണം തുടങ്ങിയിട്ടുണ്ടെങ്കിലും മഴയാരംഭിക്കും മുൻപ് പകുതിയെങ്കിലും തോടുകളോ കനാലുകളോ വൃത്തിയാക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. വാർഷികപദ്ധതി മുഖേന വൃത്തിയാക്കേണ്ട തോടുകളുടെ എസ്റ്റിമേറ്റ് നടപടികൾ പോലും പൂർത്തിയായിട്ടില്ല. ബീച്ച്, മാർക്കറ്റ് റോഡിന് സമീപമുള്ള കനാൽക്കര, സീവ്യൂ വാർഡ്, ലൈറ്റ് ഹൗസിന് സമീപം എന്നിവിടങ്ങളിലും മാലിന്യക്കൂന രൂപപ്പെട്ടിട്ടുണ്ട്. ആലപ്പുഴ–ചേർത്തല കനാൽ, വാണിജ്യ കനാൽ, വാടക്കനാൽ തുടങ്ങി നഗരത്തിലെ പ്രധാന കനാലുകളിൽ പോള തിങ്ങിനിറഞ്ഞിരിക്കുന്നു. കനാലുകളും കാനകളും വൃത്തിയാക്കാതെയും നഗരത്തിൽ പലസ്ഥലങ്ങളിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാതെയുമിരിക്കുന്ന സാഹചര്യത്തിൽ കനത്തമഴ നഗരത്തെ മലിനജലത്തിൽ മുക്കും. ഇതിലൂടെ ജലജന്യരോഗങ്ങളും പടർന്നുപിടിക്കുമെന്ന ഭീതിയിലാണ് നഗരവാസികൾ.










0 comments