വൈദ്യുതീകരണം ആരംഭിച്ചു
പെരുന്പളം പാലം പ്രകാശപൂരിതമാകും

ചേർത്തല
വേന്പനാട് കായലിന് കുറുകെ എൽഡിഎഫ് സർക്കാർ നിർമിച്ച പെരുന്പളം പാലത്തിൽ വൈദ്യുതീകരണ പ്രവർത്തനം തുടങ്ങി. കെൽട്രോൺ നേതൃത്വത്തിലാണ് പാലത്തിനിരുവശത്തും വൈദ്യുതിദീപം സ്ഥാപിക്കുന്നത്. പാലം നാടിന് സമർപ്പിച്ചെങ്കിലും രാത്രി വെളിച്ചമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നു. പാലത്തിനിരുവശത്തും നടപ്പാതയോടുചേർന്നയിടത്താണ് കേബിൾ സ്ഥാപിക്കുന്നത്. കേബിൾ വലിക്കുന്ന ജോലി ബുധനാഴ്‌ച തുടങ്ങി. പാലത്തിലും സമീപനറോഡുകളിലും വിളക്ക് സ്ഥാപിക്കും. ഇരുവശത്തുമായി കേബിൾ വലിച്ച ശേഷം ഉയരെ വിളക്കുകാലുകൾ സ്ഥാപിക്കും. പെരുന്പളം ഭാഗത്തും വടുതല ഭാഗത്തും നിലവിലുള്ള തെരുവുവിളക്ക് ലൈനിൽനിന്നാകും വൈദ്യുതി എടുക്കുക. പെരുന്പളം, അരൂക്കുറ്റി പഞ്ചായത്തുകൾക്കാകും വൈദ്യുതി ചാർജ് അടയ്‌ക്കാനുള്ള ചുമതല. സംസ്ഥാനത്ത് വിവിധയിടങ്ങളിൽനിന്ന് പാലം കാണാൻ ഇപ്പോഴും നിത്യേന വൻതോതിൽ സഞ്ചാരികൾ എത്തുന്നുണ്ട്. വൈകിട്ട് എത്തുന്നവർക്ക് പാലത്തിന്റെ പശ്‌ചാത്തലത്തിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനാകാത്ത അവസ്ഥയായിരുന്നു. ഇൗ കുറവിന് കൂടിയാണ് വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ പരിഹാരമാകുന്നത്.










0 comments