ടിപ്പർ മോഷണക്കേസിൽ ഒരാൾകൂടി പിടിയിൽ

പ്രതി നൗഷാദ്
ഹരിപ്പാട്
കരുവാറ്റയിൽനിന്ന് ദേശീയപാത നിർമാണ ഏജൻസിയുടെ ടിപ്പർലോറി മോഷ്‌ടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. കണ്ണൂർ ഉളിയിൽ ചാവശേരി നാരായണപ്പാറ വീട്ടിൽ നൗഷാദ് (46) നെയാണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്. നിർമാണ ഏജൻസിയായ വിശ്വസമുദ്രയുടെ കീഴിൽ ദേശീയപാതയുടെ പണിക്ക് ഉപയോഗിച്ചിരുന്ന കെഎൽ 04 എബി 2731 ജൂൺ 23നാണ് മോഷ്‌ടിച്ചത്. ലോറിയുടെ ജിപിഎസ് റൂട്ട് തമിഴ്നാട് പൊലീസിന് കൈമാറിയിരുന്നു. തമിഴ്നാട് പൊലീസ് പ്രതികളെയും വണ്ടിയും പിടികൂടി. ചോദ്യം ചെയ്യലിൽ മലപ്പുറത്തുള്ള ഒരാൾ അയാളുടെ വണ്ടി ഹരിപ്പാടുണ്ടെന്നും ഇത് എടുത്തുകൊണ്ടുവരാൻ പറഞ്ഞതിനാലാണ് വണ്ടി മോഷ്‌ടിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.അന്വേഷണത്തിൽ ഇവർക്ക് മുമ്പും മോഷണ കേസുകളിൽ പങ്കുണ്ടെന്ന് തെളിഞ്ഞു. ഹരിപ്പാട് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഷാഫിയുടെ നിർദേശപ്രകാരം സിപിഒമാരായ നിഷാദ്, സജാദ് എന്നിവർ കണ്ണൂർ, കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മലപ്പുറം ചേളാരി പരപ്പനങ്ങാടി ഭാഗത്തെ ഒരു ലോഡ്‌ജിൽനിന്നാണ് നൗഷാദിനെ പിടികൂടിയത്. എസ്ഐമാരായ ഷൈജ, ആദർശ്, രാജേഷ് ചന്ദ്ര, ബിജു രാജ്, സിപിഒമാരായ അക്ഷയ്, നിഷാദ്, സജാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉൾപ്പെട്ടു.









0 comments