കേൾക്കാനും നോക്കാനും
ആളില്ല നടുവൊടിഞ്ഞ് പൊതുമേഖല

സ്വന്തം ലേഖകൻ
ആലപ്പുഴ
യുഡിഎഫ് സർക്കാർ അധികാരമേറ്റ് ആറുമാസം പിന്നിടുമ്പോൾ തിരിഞ്ഞുനോക്കാൻ ആളില്ലാതെ തകർന്ന് പൊതുമേഖല സ്ഥാപനങ്ങൾ. യുഡിഎഫിലെയും മുസ്‌ലിംലീഗിലെയും അധികാരത്തർക്കങ്ങളും കോൺഗ്രസിലെ ഗ്രൂപ്പ് പോരുമാണ് ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങളെയും അതിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയും ദുരിതത്തിലേക്ക് തള്ളിവിടുന്നത്. മാസങ്ങളായി തുടരുന്ന പ്രതിസന്ധിയിൽ വലയുകയാണ് ജീവനക്കാർ. വ്യവസായ വകുപ്പിന് കീഴിലെ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്‌ഡിപി), ഓട്ടോകാസ്റ്റ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിലേക്ക് ചെയർമാനെ നിശ്ചയിക്കേണ്ടത് മുസ്‌ലിം ലീഗാണ്. നീണ്ട തർക്കങ്ങൾക്കൊടുവിൽ കെഎസ്‌ഡിപി ചെയർമാനിൽ ധാരണയായതായാണ് വിവരം. എന്നാൽ അതിനായെടുത്ത കാലതാമസം സ്ഥാപനത്തെ തകർത്തു.
തർക്കം കുരുങ്ങി കയർ
മേഖല കയർ സ്ഥാപനങ്ങളിലേക്ക് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന് ഘടക കക്ഷികളുമായി തുടരുന്ന തർക്കങ്ങളും കോൺഗ്രസിലെ തമ്മിലടിയുമാണ് വിലങ്ങുതടിയാകുന്നത്. വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനങ്ങൾ ലീഗിനായതിനാൽ കോൺഗ്രസ് നേതാക്കളുടെയും ഘടകകക്ഷിനേതാക്കളുടെയും കണ്ണ് കയർ സ്ഥാപനങ്ങളിലാണ്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗങ്ങളിലെ നേതാക്കൾ സ്ഥാനങ്ങൾക്കായി തമ്മിലടി രൂക്ഷമാണ്. തെരഞ്ഞെടുപ്പിനുശേഷം വി ഡി സതീശന്റെ പേരിൽ പുതിയൊരു വിഭാഗവും ഉദിച്ചതോടെ വീതംവയ്‌പ്പിൽ പ്രതിസന്ധി രൂക്ഷമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് മോഹിച്ചുനിന്ന മുതിർന്ന നേതാക്കളെയുൾപ്പെടെ അനുനയിപ്പിച്ചത് ഇൗ കസേരകൾ കാട്ടിയാണ്.









0 comments