ഓണവണ്ടി ആലപ്പുഴയ്‌ക്കില്ല

അഞ്‌ജുനാഥ്
ആലപ്പുഴ
ആലപ്പുഴയെ ഒഴിവാക്കി റെയിൽവേയുടെ ഓണം സ്‌പെഷ്യൽ സർവീസുകൾ. ചെന്നൈ സെൻട്രൽ–കൊല്ലം (ദ്വൈവാര എക്‌സ്‌പ്രസ്), തിരുവനന്തപുരം നോർത്ത്–മംഗളൂരു, ചെന്നൈ സെൻട്രൽ–കൊല്ലം, മംഗളൂരു–ചെന്നൈ, താംബരം–തിരുവനന്തപുരം എന്നിവ ഉൾപ്പെടെ ഇരുപതോളം സ്‌പെഷ്യൽ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഒന്നുപോലും നിലവിൽ ആലപ്പുഴ വഴിയല്ല. ഓണത്തിന് ഒന്നരമാസത്തോളം മുന്പാണ് റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുന്നത്. മിക്ക വർഷങ്ങളിലും ആലപ്പുഴയോട് അവഗണന പതിവാണ്. യാത്രക്കാരുടെ ഭാഗത്തുനിന്ന് സമ്മർദമുണ്ടാകുന്പോഴാണ് ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടാൻ റെയിൽവേ തയ്യാറാകുന്നത്. ആലപ്പുഴ വഴി ഒറ്റപ്പാതയാണുള്ളത് എന്നാണ് സ്‌പെഷ്യൽ ട്രെയിനുകൾ നൽകാതിരിക്കാൻ കാരണമായി ദക്ഷിണ റെയിൽവേ പറയുന്നത്. എന്നാൽ, 200 കിലോമീറ്ററോളം ഒറ്റപ്പാതയുള്ള സ്ഥലങ്ങളിൽ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നുണ്ട് എന്നത് മറച്ചാണ് ഇത്തരത്തിലുള്ള പ്രചാരണം. ഇത്തവണ ജില്ലയിലെ എംപിമാരും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. സ്‌പെഷ്യൽ ട്രെയിനുകളുടെ ഷെഡ്യൂൾ നിശ്‌ചയിച്ചുകഴിഞ്ഞാൽ പിന്നെ അവ റൂട്ട് മാറ്റി ഓടിക്കുക ബുദ്ധിമുട്ടാണ്. ഇങ്ങനെ ചെയ്‌താൽ കോട്ടയം പാതയിലും ആലപ്പുഴ ഭാഗത്തും ക്രോസിങ് ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ ക്രമീകരണങ്ങൾ വരുത്തേണ്ടി വരാം. ഇത് ട്രെയിൻ ഗതാഗതത്തെയും ബാധിക്കും.










0 comments