മിഴിതുറന്നു, മനം നിറഞ്ഞു

സഞ്ചരിക്കുന്ന നേത്രവിഭാഗം മേധാവി ഡോ. നവജീവനൊപ്പം ജീവനക്കാരും ഗുണഭോക്താക്കളും
ആലപ്പുഴ
ദേശീയ അന്ധത, കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 2025–26 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ കാഴ്ചയുടെ ലോകത്തേക്ക് തിരികെയെത്തിയത് 444 പേർ. ജില്ലയിലെ സഞ്ചരിക്കുന്ന നേത്രവിഭാഗവും ജനറൽ ആശുപത്രിയും ചേർന്നാണ് തിമിര ശസ്ത്രക്രിയ വിജയകരമായി ചെയ്യുന്നത്. സഞ്ചരിക്കുന്ന നേത്രവിഭാഗം മേധാവി ഡോ. എൻ എ നവജീവന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയും ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നു. എല്ലാ ജില്ലകളിലും "നയനപഥം' എന്ന പേരിൽ നേത്രരോഗ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഉൾനാടൻ പ്രദേശങ്ങളിൽ പോലുമെത്തി കാഴ്ചപരിമിതരെ കണ്ടെത്തി സൗജന്യ ചികിത്സ നൽകുന്നു. ആശാ വർക്കർമാർ കണ്ടെത്തിയ കാഴ്ച പരിമിതിയുള്ളവരെ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒപ്റ്റോമെട്രിസ്റ്റ് പരിശോധിച്ച് വിദഗ്ധ ചികിത്സ വേണ്ടവരെ മൊബൈൽ യൂണിറ്റിന്റെ ക്യാമ്പിലേക്ക് നിർദേശിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സഞ്ചരിക്കുന്ന നേത്രരോഗവിഭാഗത്തിന്റെ ക്യാമ്പ്. തിമിര ശസ്ത്രക്രിയയ്‌ക്കായി രോഗികളെ എത്തിക്കുകയും തിരികെവിടുന്നതുമുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ചികിത്സകളും സൗജന്യമാണ്. 2025-–26 സാമ്പത്തിക വർഷം തിമിര ശസ്ത്രക്രിയയ്ക്ക് പുറമെ പ്രമേഹം മൂലമുള്ള റെറ്റിനോപതി 186ഉം ഗ്ലോക്കോമ 83ഉം കേസുകൾ ക്യാമ്പ് വഴി കണ്ടെത്തി. 14,399 കുട്ടികളെ സ്കൂളിൽചെന്ന് നടത്തുന്ന നേത്രക്യാമ്പുകൾ വഴി ജില്ലയിൽ പരിശോധിച്ചു.










0 comments