"ജിം' കരുത്തിൽ മുഹമ്മ

മുഹമ്മ പഞ്ചായത്തിന്റെ വനിതാ ജിംനേഷ്യത്തിൽ പരിശീലനം നേടുന്നവർ
കെ എസ് ലാലിച്ചൻ
മുഹമ്മ
കായിപ്പുറം കണ്ണാത്ത് അനുമോൾ വിജയകുമാർ ചുമ, തുമ്മൽ തുടങ്ങിയ അലർജി അസുഖങ്ങൾക്കും തൈറോയ്‌ഡ് പ്രശ്‌നങ്ങൾക്കും ആശ്വാസം തേടിയാണ് മുഹമ്മ പഞ്ചായത്തിന്റെ വനിതാ ജിംനേഷ്യത്തിൽ ഒരു മാസംമുമ്പ് എത്തിയത്. കൃത്യമായ വ്യായാമമുറകളിലൂടെ ചുമയും തുമ്മലും മാറിയെന്നും തൈറോയ്ഡ് കുറഞ്ഞെന്നും നാൽപ്പതുകാരിയായ വീട്ടമ്മ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ തൈറോയ്ഡിന് മാത്രമാണ് മരുന്ന് കഴിക്കുന്നത്. മികച്ച ശാരീരികക്ഷമതയും നേടി. പ്ലസ് വൺ വിദ്യാർഥിനി ഗൗരി മുതൽ 64 കാരിയായ ഓമനവരെ വ്യായാമത്തിലൂടെ കൈവന്ന മാറ്റങ്ങളെക്കുറിച്ചു പറയാൻ ഒരുപാടുപേരുണ്ട്. എ ബി വിലാസം സ്കൂളിലെ പവർലിഫ്റ്റിങ് താരമായിരുന്ന തേജസാണ് പരിശീലക. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ സന്തോഷത്തിനായി പഞ്ചായത്ത് കല്ലാപ്പുറത്ത് ഹോമിയോ ഡിസ്‌പെൻസറിയോട് ചേർന്നാണ് ആഗസ്ത് ആദ്യം വനിത ജിംനേഷ്യം തുടങ്ങിയത്. സർക്കാർ ജീവനക്കാരും അഭിഭാഷകരും വീട്ടമ്മമാരുമടക്കം 80 പേർ ഇവിടെയെത്തുന്നു. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും പരിശീലനമില്ല. മറ്റുദിവസങ്ങളിൽ രാവിലെ ആറു മുതൽ 8.30 വരെയും വൈകിട്ട് നാലു മുതൽ ഏഴരവരെയുമാണ് പ്രവർത്തനം. സ്വകാര്യ ജിംനേഷ്യങ്ങളിൽ മാസം 1500 രൂപവരെ ഫീസ് ഈടാക്കുമ്പോൾ ഇവിടെ 200 രൂപ മാത്രം. പ്രവേശനഫീസ് 250. തണ്ണീർമുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകാരും വന്നതോടെ പ്രവേശനം പരിമിതപ്പെടുത്തേണ്ടിവന്നു. ഇനിയും ഉപകരണങ്ങൾ ലഭ്യമാക്കി ജിംനേഷ്യം കൂടുതൽ പവറാക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത്. വികസനമുഖ്യധാരയിൽനിന്ന് മാറ്റപ്പെട്ടവരുടെ പുനരധിവാസവും സംരക്ഷണവും ലക്ഷ്യമിട്ട് വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികൾ പഞ്ചായത്ത് നടപ്പാക്കി. കായകൽപ്പ അവാർഡും സിഡിഎസിന് ഐഎസ്ഒ സർട്ടിഫിക്കറ്റും നേടി.










0 comments