നാശംവിതച്ച് കാലവര്‍ഷം

അമ്പലപ്പുഴ വടക്ക് പൂമീൻപൊഴി പുലിമുട്ടിന് മുകളിലേക്ക് കടൽ ഇരച്ചുകയറുന്നു
അമ്പലപ്പുഴ
കാലവർഷം ശക്‌തിപ്രാപിച്ചതോടെ അമ്പലപ്പുഴയിൽ കടൽ പ്രക്ഷുബ്‌ധമായി. കൂറ്റൻ തിരമാലകൾ കടൽഭിത്തിയും കടന്ന് കരയിലേക്കെത്തി. തോട്ടപ്പള്ളി, ആനന്ദേശ്വരം, പുറക്കാട്, വണ്ടാനം മാധവ മുക്ക്, പൂമീൻപൊഴി, പുന്നപ്ര ചള്ളി, വിയാനി, പറവൂർ ഗലീലിയ, അറപ്പപ്പൊഴി തീരങ്ങളിലാണ് കടൽ ശക്തമായത്. മീൻപിടിത്ത വള്ളങ്ങൾ പലതും പണിക്കിറക്കിയില്ല. കാറ്റും കോളും വകവയ്‌ക്കാതെ തോട്ടപ്പള്ളി ഹാർബറിൽനിന്ന് പണിക്കുപോയ ചില വള്ളങ്ങൾക്ക് മത്തി സുലഭമായി ലഭിച്ചു. വലിയ മത്തി കിലോയ്‌ക്ക് 140 രൂപയ്‌ക്കാണ് മൊത്തക്കച്ചവടം നടന്നത്. പുന്നപ്ര ചള്ളിതീത്തുനിന്ന് ശനി പുലർച്ചെ കടലിലിറക്കിയ മൂന്ന് പൊന്തുവള്ളങ്ങൾ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മറിഞ്ഞെങ്കിലും കരയിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആർക്കും പരിക്കില്ല. കടൽത്തീരത്തെ അടിത്തട്ടിളകി ശാന്തമാകുന്നതോടെ ചാകരയ്‌ക്ക് തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. വീടിന്റെ മേൽക്കൂര തകർന്നു മാന്നാർ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ബുധനൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ പഴയ കോണത്ത് വീട്ടിൽ തങ്കമ്മയുടെ വീടിന്റെ മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. ആസ്‌ബറ്റോസ് ഷീറ്റുകൾ പൂർണമായി നശിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വൻദുരന്തം ഒഴിവായി. ദേശീയപാത വെള്ളക്കെട്ടിൽ അരൂർ മഴ കനത്തതോടെ ദേശീയപാതയിലെ പല ജങ്ഷനുകളും വെള്ളക്കെട്ടിൽ. നിർമാണ പ്രവൃത്തികൾക്കിടയിൽ ചേർത്തല 11 –ാം- മൈലിൽ ഗർത്തം രൂപപ്പെട്ടതിനിടെയാണ് ഉയരപ്പാത അവസാനിക്കുന്ന തുറവൂർ മുതൽ തെക്കോട്ട് പ്രധാന കവലകളിലെല്ലാം വെള്ളക്കെട്ട്. കാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത വിധമാണ് പലയിടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നത്. അശാസ്ത്രീയമായ നിർമാണ പ്രവൃത്തികളാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത വിധമാണ് ദേശീയപാതയിൽ പലയിടങ്ങളിലും കാനകളുടെ നിർമാണം. പല ബസ് സ്റ്റോപ്പുകളിലും വെള്ളക്കെട്ടുള്ളതിനാൽ യാത്രികർ എവിടെ നിൽക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്. റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഭൂരിഭാഗം ബസ്സുകളും സ്റ്റോപ്പിൽ നിർത്തുന്നില്ല. ഹരിപ്പാട് മാധവ ജങ്ഷൻ, മുരളി ഹോട്ടൽ ജങ്‌ഷൻ, തെക്കേ നട, കെഎസ്ആർടിസി ജങ്ഷൻ, കെവി ജെട്ടി ജങ്ഷൻ, താമല്ലാക്കൽ, കരുവാറ്റ എന്നിവിടങ്ങളിൽ ദേശീയ പാതയുടെ നിർമാണം നടക്കുന്ന ഭാഗങ്ങളിലും സർവീസ് റോഡിലുമടക്കം വെള്ളം കെട്ടിക്കിടക്കുന്നു. ഹരിപ്പാട് പിള്ള തോട് ഭാഗത്ത് അശാസ്ത്രീയമായി നിർമിച്ച ഓടയും വെള്ളക്കെട്ടിന് കാരണമായി. നഗരത്തിലും പരിസരത്തും പലഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട്. ആലപ്പുഴ നഗരചത്വരത്തിൽ വലിയരീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായി. ജില്ലാ കോടതിപ്പാലം നിർമാണം നടക്കുന്ന വാടക്കനാലിന് തെക്കുവശത്തും കെഎസ്‌ആർടിസി സ്‌റ്റാൻഡിന് സമീപവും വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിൽ പലഭാഗത്തും ഗതാഗതക്കുരുക്കുണ്ടായി.







0 comments