മഴക്കാല മുന്നൊരുക്ക അവലോകനം

ചെങ്ങന്നൂർ മണ്ഡലത്തിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ അവലോകനയോഗത്തിൽ സജി ചെറിയാൻ എംഎൽഎ സംസാരിക്കുന്നു
ചെങ്ങന്നൂർ
മണ്ഡലത്തിലെ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ആർഡിഒ ഓഫീസിൽ സജി ചെറിയാൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. ശുചീകരണത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെയും പകർച്ചവ്യാധികൾ തടയാൻ ആശാ വർക്കർമാരുടെയും പങ്കാളിത്തം ഉറപ്പാക്കും. സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്‌കൂളുകൾക്ക് ലഭിക്കാത്തതിൽ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കണം. അഞ്ച് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, എൻജിനിയറിങ് വിഭാഗം, പ്രധാനാധ്യാപകർ, റവന്യൂ ഉദ്യോഗസ്ഥർ, പിടിഎ ഭാരവാഹികൾ എന്നിവരുടെ യോഗം ചേരും. സ്‌കൂൾ പരിസരത്ത് വെള്ളക്കെട്ട് ഒഴിവാക്കും. കെഎസ്ഇബി ടച്ചിങ് വെട്ടിമാറ്റൽ പകുതി പൂർത്തീകരിച്ചു. വിതരണ ലൈനുകൾ, ട്രാൻസ്‌ഫോർമർ എന്നിവ മാറ്റിസ്ഥാപിക്കും. ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള സ്‌കൂളുകളുടെ ലിസ്‌റ്റ് യോഗത്തിൽ അറിയിച്ചു. പാചകവാതകക്ഷാമം രൂക്ഷമാകുന്ന ക്യാമ്പുകളിൽ വിറക് തയ്യാറാക്കാൻ റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തി. മൈനർ ഇറിഗേഷൻ ഓടകളും ആറാട്ടുകടവ് അടക്കമുള്ള കടവുകളും വൃത്തിയാക്കിയതായി അറിയിച്ചു. ഹരിപ്പാട് കരിപ്പുഴ തോട് തുറന്നുനൽകും. തോട്ടപ്പള്ളി സ്‌പിൽവേയിലേക്കുള്ള തടസം നീക്കും. പരിശോധന തുടർന്നുള്ള ദിവസങ്ങളിലുമുണ്ടാകുമെന്ന് എംഎൽഎ അറിയിച്ചു. ആർഡിഒ എം എസ് ഷാജു, ഡിവൈഎഎസ്-പി ജെ സന്തോഷ്‌കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബി കെ പ്രസാദ്, ജെബിൻ പി വർഗീസ്, ശ്രീകുമാരി മധു എന്നിവർ പങ്കെടുത്തു.







0 comments